തിരുവമ്പാടി : നീണ്ട ഇടവേളയ്ക്കുശേഷം കളിയാരവം നിറഞ്ഞ് തിരുവമ്പാടി ഹൈസ്കൂൾഗ്രൗണ്ട്. സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലും യുപി സ്കൂളിലും ആരംഭിക്കുന്ന പുതിയ സെപ്റ്റ് ഫുട്ബോൾ ബാച്ചുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 260 കുട്ടികളാണെത്തിയത്. രാവിലെ എഴിന് ആരംഭിച്ച സെലക്ഷൻ ക്യാമ്പ് ഉച്ചയ്ക്ക് 12.30 വരെ നീണ്ടു.
2012-13, 2016-17 ബാച്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റ് സംസ്ഥാന കോഡിനേറ്റർ വി.എ. ജോസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രധാനാധ്യാപകൻ സജി തോമസ്, കായികാധ്യാപകൻ കെ.എം. തോമസ്, ഡെൽന തുടങ്ങിയവർ നേതൃത്വംനൽകി. സന്തോഷ് ട്രോഫിതാരം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന, ദേശീയ കായികതാരങ്ങളെ വാർത്തെടുത്ത മൈതാനം ഏതാനും വർഷങ്ങളായി പൂട്ടിയ നിലയിലായിരുന്നു. സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടാണിത്. ജില്ലാ വിദ്യാഭ്യാസ ഉപ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 2024 ഒക്ടോബറിലാണ് സ്കൂൾകുട്ടികളുടെ കായികാവശ്യത്തിനുവേണ്ടി തുറന്നുകൊടുക്കാൻ തീരുമാനമായത്.
കുട്ടികൾക്കല്ലാതെ പൊതുജനങ്ങൾക്ക് ഗ്രൗണ്ട് ഉപയോഗിക്കണമെങ്കിൽ മാനേജ്മെന്റിന്റെ മുൻകൂട്ടിയുള്ള അനുവാദം ആവശ്യമാണ്.
സ്കൂളിന്റെ കളിസ്ഥലം ഒരുവിധത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്നും വ്യക്തികളോ സംഘടനകളോ സാമ്പത്തികമായ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നില്ലെന്നും പിടിഎയും പൊതുസമൂഹവും ഉറപ്പുവരുത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി ഉപ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മഹാപ്രളയത്തിൽ മുങ്ങിയ മൈതാനത്തിൽ ചെളിനിറഞ്ഞത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോസ്മോസ് ക്ലബ് പ്രവർത്തകരും ചർച്ച് കമ്മിറ്റി ഭാരവാഹികളും തമ്മിൽ നടന്ന തർക്കമാണ് ഗ്രൗണ്ട് അടയ്ക്കുന്നതിൽ കലാശിച്ചിരുന്നത്. മൈതാനം വീണ്ടും തുറന്നുകൊടുത്തത് മലയോര കായിക ഉണർവിന് വലിയ മുന്നേറ്റം സൃഷ്ടിക്കും.
Post a Comment