താമരശ്ശേരി:കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിടപറയുമ്പോൾ ദൈവത്തിനും ദൈവജനത്തിനും വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌ത ഒരു ഇടയനെയാണ് ലോകത്തിന് നഷ്ടമാകുന്നത്.
“ഞാൻ നല്ല ഇടയനാകുന്നു, നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു" (യോഹ. 10:11). (ക്രിസ്തുവിൻ്റെ ഈ വചനത്തിന് വ്യക്തിരൂപം നൽകുവാൻ പരിശുദ്ധ പിതാവിന് സാധിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിൽ ലോകം മുഴുവൻ ശ്രവിക്കാൻ കാതോർത്തിരുന്ന ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. വിനയം, ദൈവ കാരുണ്യത്തിലുള്ള ഊന്നൽ, ദരിദ്രരോടുള്ള അളവറ്റ കരുതൽ, മതാന്തര സംവാദത്തോടുള്ള പ്രതിബദ്ധത എന്നിവയാൽ ഫ്രാൻ സിസ് മാർപാപ്പ ഏറെ അറിയപ്പെട്ടിരുന്നു. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തൻ്റെ നാല് ചാക്രികലേഖനങ്ങളും ലോകം മുഴുവൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യൻ്റെ അനുനദിന ജീവിതവുമായി ബന്ധപ്പെടുത്തുന്ന ഈ ലേഖനങ്ങൾ ലോകം ഏറ്റെടുത്തു. സഭയെ പടുത്തുയർത്തുന്നതായിരുന്നു പരിശുദ്ധ പിതാവിൻ്റെ പഠനങ്ങളും പ്രഭാഷണങ്ങളും. കൂടാതെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാകുമ്പോൾ, പ്രത്യേകിച്ച്, യുദ്ധസമയങ്ങളിൽ പരിശുദ്ധ പിതാവിൻ്റെ ശക്തമായ ആഹ്വാനങ്ങൾ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആധുനിക ജീവിതചര്യകൾക്ക് ലോകം കീഴ്പ്പെട്ടപ്പോൾ ധാർമ്മിക ഉത്തരമായിരുന്നത് പരിശുദ്ധ പിതാവിൻ്റെ വാക്കുകളാണ്.
അഭയാർത്ഥികളെ സ്വീകരിച്ച് അവർക്ക് അഭയമായി മാറിയ പരിശുദ്ധ പിതാവിനെ ലോകം വളരെ അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. തനിക്ക് മുന്നിൽ വരുന്നവരിലെല്ലാം ദൈവത്തെ കണ്ടുകൊണ്ട് സ്നേഹത്തോടെയും സൗഹൃദത്തോടെയും ജാതിമതഭേദമെന്യേ സ്വീകരിച്ചിരുന്നു. ആ ഇടപെടലുകളും വാക്കുകളും നിലപാടുകളും ഒക്കെയാണ് പരിശുദ്ധ പിതാവിനെ ലോകത്തിന്റെ പിതാവാക്കി മാറ്റിയത്.
ഒത്തിരിയേറെ പ്രതീക്ഷകളോടെയാണ് പരിശുദ്ധ പിതാവ് പ്രത്യാശയുടെ തീർത്ഥാടകരാകണമെന്ന് ഈ ജൂബിലി വർഷത്തിൽ ആഹ്വാനം ചെയ്‌തത്. എന്നാൽ നമ്മിൽ പ്രത്യാശയുടെ കിരണങ്ങൾ വിതറി, പ്രത്യാശയുടെ തീർത്ഥാടകരായി ജീവിക്കാൻ മാർഗ്ഗനിർദ്ദേശം നൽകി തന്റെ നിത്യമായ പ്രത്യാശയിലേക്ക് കടന്നുപോയ പരിശുദ്ധ പിതാവിന് താമശ്ശേരി രൂപതയുടെ പ്രാർത്ഥനകളുമുണ്ടാവുമെന്ന് താമരശ്ശേരി ബിഷപ് മാർ.
റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
Post a Comment