കോഴിക്കോട്: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു. കോഴിക്കോട് തിരുവള്ളൂര് വള്ള്യാട് പുതിയോട്ടില് മുഹമ്മദ് സാബിര്(25) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന വള്ള്യാട് തെരോടന്കണ്ടി ആസിഫി(27)നെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇരുവര്ക്കുമൊപ്പം മറ്റൊരു യുവാവ് കൂടി വിനോദയാത്ര സംഘത്തിലുണ്ടായിരുന്നെങ്കിലും ഇദ്ദേഹം തേനീച്ചയുടെ കുത്തേല്ക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ 'നീഡില് പോയിന്റി'ന് സമീപത്തെ പാറക്കെട്ടില് നില്ക്കവെയാണ് വിനോദയാത്ര സംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടില് നിന്ന് തേനീച്ച ഇളകി രണ്ടുയുവാക്കളെയും ആക്രമിക്കുകയായിരുന്നു.
ഇവര്ക്കൊപ്പമുണ്ടായിരുന്ന സിനാന് എന്ന യുവാവ് വിവരമറിയിച്ചതിനെത്തുടര്ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടര്ന്നാണ് രണ്ടു യുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിര് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
Post a Comment