കോഴിക്കോട്: പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം എം.ഡി.എം.എയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ. കണ്ണൂരിൽനിന്നും കാറിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവരികയായിരുന്ന സംഘത്തെ, കോഴിക്കോട് ബീച്ചിൽവച്ച് ആന്റിനർക്കോട്ടിക് സംഘവും ടൗൺ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. കണ്ണൂർ സ്വദേശികളായ പി. അമർ (32), എം.കെ. വൈഷ്ണവി (27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശ്ശേരി സ്വദേശിനി വി.കെ. ആതിര (30) എന്നിവരെയാണ് പിടികൂടിയത്.
പ്രതികൾ കണ്ണൂരിൽനിന്ന് കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു. സംശയം തോന്നാതിരിക്കാൻ സ്ത്രീകളെയും കൂടെകൂട്ടിയാണ് ഇവർ കച്ചവടം നടത്തുന്നത്. സംഘത്തിലെ പ്രധാനിയായ അമർ മുമ്പ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തിരുന്നു. ഒരുമാസം മുമ്പ് ജോലി ഉപേക്ഷിച്ച് പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞു.
പിടിയിലായ ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തിവരികയാണ്. വൈഷ്ണവി കണ്ണൂരിലെ പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിന് കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. ഈ സംഘം മുമ്പും കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ പ്രധാനിയായ അമറിന് മറ്റു സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ട്.
കേരളത്തിലുടനീളം ലഹരി പദാർഥങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽനിന്ന് മാത്രമായി നാലാമത്തെ കേസ് ആണ് ഈ മാസം പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് ജില്ലക്കകത്തും പുറത്തുമുള്ള വൻ മയക്കുമരുന്ന് കണ്ണികളെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.
Post a Comment