സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത് 15 വര്‍ഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേ സമയം കനത്തമഴയിലും കാറ്റിലും സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി വീണ് വീടുകള്‍ക്ക് അടക്കം കേടുപാടുകള്‍ പറ്റി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു
ഇതേ തുടർന്ന് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അതീവ ജാഗ്രത.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഇന്നും കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെയും മഴ മുന്നറിയിപ്പുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്.
കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു എന്നാല്‍ ടവര്‍ നിലംപൊത്താതെ ഇരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് വെള്ളക്കെട്ടില്‍ സ്ഥാപിച്ച ടവര്‍ ചെരിഞ്ഞത്. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടിയില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകിവീണു. വീടുകള്‍ക്കും കേടുപാടുകളുണ്ടായി.
വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ആണ് 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
Post a Comment