May 8, 2025

ഫാ. മാത്യു പുള്ളോലിക്കൽ നിര്യാതനായി


താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. മാത്യു പുള്ളോലിക്കൽ (78) നിര്യാതനായി. ഈരൂട് വിയാനി വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

1947 ജനുവരി 12ന് പാലാ രൂപതയിലെ പാളയം സെൻ്റ് മൈക്കിൾസ് ഇടവകയിൽ പരേതരായ പുള്ളോലിക്കൽ കുര്യാക്കോസ് ഏലി ദമ്പതികളുടെ ഏഴുമക്കളിൽ അഞ്ചാമനായി ജനിച്ചു. കടപ്ലാമറ്റം, സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് കോട്ടയം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ വൈദിക പരിശീലനത്തിനൊടുവിൽ പാളയം സെൻ്റ് മൈക്കിൾസ് ഇടവകയിൽ വെച്ച് 1974 ഡിസംബർ 18ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

1974ൽ കൂരാച്ചുണ്ട് ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. അങ്ങാടിക്കടവ്, ആലക്കോട് എന്നീ ഇടവകകളിലും അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ്തു. തുടർന്ന് രണ്ടാംകടവ്, അരിക്കാമല, കക്കാടംപൊയിൽ, ചെമ്പുകടവ്, പൂഴിത്തോട്, മഞ്ചേരി, കുമംകുളം, കുപ്പായക്കോട്, ചാപ്പൻതോട്ടം, വിലങ്ങാട്, ചെമ്പനോട, കല്ലാനോട്, കൂരാച്ചുണ്ട്. കല്ലുരുട്ടി, കാക്കവയൽ, വാണിയമ്പലം, വലിയകൊല്ലി, വാലില്ലാപ്പുഴ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും മേഖല ഡയറക്‌ടറായും സേവനം ചെയ്തിട്ടുണ്ട്.

2019 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരുട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

(Late) അന്നക്കുട്ടി എള്ളുങ്കൽ, പുൽപ്പള്ളി, (Late) ത്രേസ്യാമ്മ മാലിയിൽ, മാനന്തവാടി, (Late) P.K. കുര്യാക്കോസ് പുള്ളോലിക്കൽ, ചേർപ്പുങ്കൽ, (Late) ഏലിക്കുട്ടി പുതിയാപറമ്പിൽ, പാലാ, (Late) P.K. ജോസഫ് പുള്ളോലിക്കൽ ചേർപ്പുങ്കൽ, മേരി മാത്യു വയലുങ്കൽ, പങ്ങട എന്നിവർ സഹോദരങ്ങളാണ്.

മാത്യൂ പുള്ളോലിക്കൽ അച്ചൻ്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി വ്യാഴാഴ്ച്‌ച (08.05.2025) രാവിലെ 9.30 മണി മുതൽ ഈരുട് വിയാനി വൈദിക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്‌ച (09.05.2025) രാവിലെ 9.30ന് ഈരുട് സെൻ്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.

'ഞാൻ എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്' എന്ന ആപ്‌തവാക്യത്തിൽ അടിയുറച്ച് ജീവിച്ചിരുന്ന മാത്യു പുള്ളോലിക്കലച്ചൻ കുടിയേറ്റത്തിൻ്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളിൽ തൻ്റെ ശക്തമായ നേത്യത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു. .
..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only