Jun 28, 2025

സൂംബ ഡാൻസ്: 'അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല'; വി ശിവൻകുട്ടി


കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ചോയ്സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വകുപ്പ് നിർദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാൽ നിർബന്ധപൂർവ്വം സർക്കാർ കുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിർബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാൽ മതി. എന്നാൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരോ സ്കൂളിൻ്റെയും സാഹചര്യം അ‌നുസരിച്ച് ചെയ്താൽ മതിയെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോ​ഗ്യവും ഉറപ്പു വരുത്തുമെന്നും ശിവൻകുട്ടി പ്രതികരിച്ചു

സൂംബ, എയ്റോബിക്സ്, യോ​ഗ തുടങ്ങിയവ നടപ്പാക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുള്ള വിവരം മന്ത്രി ചൂണ്ടിക്കാണിച്ചു. സർക്കാർ ആരുടെയും ജാതിയും മതവും നോക്കിയിട്ടില്ല. ലഘുവസ്ത്രത്തെക്കുറിച്ച് എങ്ങനെ പറയാൻ തോന്നുന്നുവെന്നും മന്ത്രി ചോദിച്ചു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്നുവെന്നും അത് വ‍​ർ‌​ഗീയത വളർ‌ത്താനെ ഉപകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. എതിർപ്പ് രാഷ്ട്രീയമാണെങ്കിൽ അങ്ങനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only