നിലമ്പൂർ: വാണിയമ്പുഴ ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം. വാണിയമ്പുഴ സ്വദേശി ബില്ലി(52)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
നിലമ്പൂരിലെ മുണ്ടേരി ഫാമിന് അപ്പുറം ചാലിയാർ പുഴയുടെ അക്കരെയാണ് വാണിയമ്പുഴ. ആദിവാസിമേഖലയാണിത്. കാട് മൂടിക്കിടക്കുന്ന പ്രദേശത്തുള്ള തോടിന് അടുത്തുവെച്ചാണ് ബില്ലിയെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കനത്തമഴയായതിനാൽ ചാലിയാറിൽ കുത്തൊഴുക്കാണ്. അതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിൽ പോലീസിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിൻ്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടു നഷ്‌ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്. സ്ഥലത്തേക്ക് ഫയർഫോഴ്സ് പുറപ്പെട്ടിട്ടുണ്ട്.
Post a Comment