Jul 25, 2025

കുത്തിയൊഴുകുന്ന ചാലിപ്പുഴയില്‍ തുഴഞ്ഞ് കുതിച്ച് താരങ്ങള്‍; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം


കുത്തിയൊഴുകുന്ന ചാലിപ്പുഴയെ സാഹസിക കാഴ്ചകളുടെ ആവേശത്തിലാക്കി പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തില്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സിലൂടെ തുഴഞ്ഞ് കുതിച്ചെത്തിയ വിദേശതാരങ്ങളുള്‍പ്പെടെയുള്ളവരെ നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്. രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഓരോ വര്‍ഷവും വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന കയാക്കര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ലോകശ്രദ്ധ ലഭിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്ന് എംഎല്‍എ പറഞ്ഞു.


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സന്‍, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, വാര്‍ഡ് മെമ്പര്‍ സൂസന്‍ വര്‍ഗീസ് കേഴപ്ലാക്കല്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ടൂറിസം ഡി ഡി പ്രദീപ് ചന്ദ്രന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ആദ്യദിനം ഒളിമ്പിക്‌സ് മത്സരയിനമായ എക്‌സ്ട്രീം സ്ലാലോം ആയിരുന്നു ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാല്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സ് മത്സരത്തോടെയാണ് തുടങ്ങിയത്. യുഎസ്എ, റഷ്യ, ഇറ്റലി, ന്യൂസിലാന്‍ഡ്, ചിലി, യുക്രെയ്ന്‍ തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ കയാക്കിങ്ങില്‍ മാറ്റുരയ്ക്കുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only