Jul 30, 2025

കാനഡയില്‍ വീണ്ടും വിമാനാപകടം: മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു


ദില്ലി: കാനഡയില്‍ കഴിഞ്ഞ ദിവസം നടന്ന ചെറു വിമാന അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്.ഗൗതം സന്തോഷ് എന്നാണ് മരിച്ച യുവാവിൻ്റെ പേര്. ഇദ്ദേഹത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഗൗതം സന്തോഷിൻ്റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോണ്‍സുലേറ്റ് ജനറല്‍ മലയാളി യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്.

ശനിയാഴ്ച വൈകിട്ട് ന്യൂഫൗണ്ട്ലാൻ്റിലെ ഡീർ ലേകിന് സമീപമാണ് എട്ട് പേർക്ക് മാത്രം സഞ്ചരിക്കാനാവുന്ന ചെറു വാണിജ്യ സർവേ വിമാനം തകർന്നുവീണത്. ഇന്ത്യൻ കോണ്‍സുലേറ്റ് എക്സില്‍ പങ്കുവച്ച കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ്റെ എക്സ് ഹാൻ്റിലും ടാഗ് ചെയ്തിട്ടുണ്ട്.

അപകട സമയത്ത് രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും രണ്ട് പേരും മരിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.35 ഓടെയാണ് അപകടം നടന്നത്. ബ്രിട്ടീഷ് - കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസിക് ജിയോസ്പേഷ്യല്‍ ആൻ്റ് ഏരിയല്‍ സർവേ കമ്ബനിയുടേതായിരുന്നു വിമാനം. അപകടത്തില്‍ കമ്ബനി ഉടമ ആൻഡ്രൂ നയ്‌സ്‌മിത് അനുശോചിച്ചു. സാധ്യമായ എല്ലാ രീതിയിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ജൂലൈ പത്തിനാണ് കാനഡയില്‍ തന്നെ പരിശീലനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രീഹരി സുകേഷ് എന്ന മലയാളി യുവാവ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നടന്ന അപകടം. ഇതോടെ ഒരു മാസത്തിനിടെ കാനഡയില്‍ മരിച്ച മലയാളി യുവ പൈലറ്റുകളുടെ എണ്ണം രണ്ടായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only