റഷ്യയിലെ പെട്രോപാവ്ലോസ്കില് വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കംചട്കയില്‍ 34 മീറ്റര്‍ ഉയരത്തില്‍ തിരമാലകളെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹവായ്,ജപ്പാന് തീരങ്ങളിലേക്കും സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൊണോലുലുവില്‍ തീരപ്രദേശം ഒഴിപ്പിക്കുകയാണ്. പസഫിക് റിങ് ഓഫ് ഫയറില്‍ വരുന്ന പ്രദേശമാണ് സൂനാമിത്തിരകളെത്തിയ കംചട്ക.പെട്രപാവ്ലോക്സില് നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള തീരദേശ നഗരമായ അവാചാ ബേയില്‍ 19 കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു. ഒരു ലക്ഷത്തി അറുപത്തിയയ്യായിരത്തോളം ജനങ്ങളാണ് ഇവിടെയുള്ളത്.
അടുത്ത മൂന്ന് മണിക്കൂറില്‍ കൂറ്റന്‍ സൂനാമി ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. റഷ്യന്‍ തീരങ്ങളിലും വടക്ക് പടിഞ്ഞാറന്‍ ഹവായി ദ്വീപുകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ റഷ്യയ്ക്ക് പിന്നാലെ ജപ്പാനിലും സൂനാമിയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്നറിയിപ്പ് ലഭിച്ച് അര മണിക്കൂറിനുള്ളിലാണ് മൂന്ന് മീറ്ററോളം ഉയരമുള്ള തിരമാലകള്‍ ജപ്പാന് തീരത്തെത്തിയത്. ഇതോടെ തീരപ്രദേശത്ത് നിന്നും ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്.
ജപ്പാനിലെ ഹൊക്കായിഡോയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിലേക്കുള്ളത്. ജപ്പാനിലെ നാല് പ്രധാന ദ്വീപുകളിലൊന്നാണ് ഹൊക്കായിഡോ. ജപ്പാന് പുറമെ യുഎസിലെ പടിഞ്ഞാറന്‍ തീരത്തും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ , ഹവായ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അലാസ്കന്‍ തീരം വരെയും തിരകളെത്താമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post a Comment