Jul 15, 2025

കാക്കേ കാക്കേ കൂടെവിടെ.. കൂട്ടിനകത്തൊരു വളയുണ്ടോ..? കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണ വള മൂന്നര വർഷത്തിനു ശേഷം തിരിച്ചുകിട്ടി!


മഞ്ചേരി:വീടിനു സമീപത്തുനിന്നു അലക്കുകയായിരുന്ന യുവതിയെ ചാഞ്ഞും ചരിഞ്ഞും നോക്കിനിന്നൊരു കാക്ക, നോക്കിയത് യുവതിയെ അല്ല യുവതി അഴിച്ചുവച്ച സ്വര്‍ണവള ആയിരുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ യുവതി വീടിനകത്തേക്ക് കയറിപ്പോയ തക്കത്തിനു കാക്ക ആ വളയും കൊത്തിക്കൊണ്ടുപറന്നു. ഇതുകണ്ട യുവതി പിന്നാലെ പാഞ്ഞെങ്കിലും കാര്യമുണ്ടായില്ല, ഇന്നിതാ അതേ വള നാട്ടുകാരനായ അന്‍വറിക്ക തിരിച്ചുകൊണ്ടുവന്നിരിക്കുന്നു, അലതല്ലുന്ന ആഹ്ലാദം.

ഒരു മുത്തശ്ശിക്കഥ പോലെ തോന്നുമെങ്കിലും മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് നടന്ന സംഭവമാണിത്. മൂന്നര വര്‍ഷം 1 മുന്‍പാണ് ഹരിതയെന്ന യുവതിക്ക് സ്വര്‍ണവള നഷ്ടമായത്. ‘പ്രതി’യെ കണ്ടതിനാലും പൊലീസിന്റെ പരിധിയില്‍ പെടാത്തതിനാലും പരാതിപ്പെടാന്‍ പറ്റിയില്ല. ഒന്നരപ്പവന്‍ നഷ്ടമായെന്ന് കരുതി വേദനിച്ചു.

അന്‍വറിക്കയുടെ വരവ്. മരംവെട്ടും, ആശാരിപ്പണിയും അങ്ങനെ മാന്യമായ എന്തൊക്കെ ജോലികള്‍ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യുന്ന വ്യക്തിയാണ് അന്‍വര്‍. ഒരു വീട്ടില്‍ മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ സമയത്താണ് അന്‍വറിക്കയ്ക്ക് കാക്കക്കൂട്ടില്‍ നിന്ന് സ്വര്‍ണവള കിട്ടുന്നത്. മരം കുലുക്കി മാങ്ങ വീഴ്ത്താനുള്ള ശ്രമത്തിനിടെ വള താഴെ വീണു. നോക്കിയപ്പോള്‍ സ്വര്‍ണമെന്ന് തോന്നി. ഒടിഞ്ഞുംവളഞ്ഞും കഷ്ണങ്ങളായ പോലെയുണ്ട്. അന്‍വറിക്ക നേരെ പോക്കറ്റിലിട്ടു. വീട്ടിലെത്തി ഭാര്യയെ കാണിച്ചപ്പോള്‍ സ്വര്‍ണമെന്ന സംശയം കൂടി. പിന്നീട് സുഹൃത്തിന്റെ ജ്വല്ലറിയിലെത്തി സ്ഥിരീകരിച്ചു.

അങ്ങനെ നാട്ടിലെ വായനശാലയിലെത്തി കാര്യങ്ങള്‍ വിവരിച്ചു. ഉടമസ്ഥനു തന്നെ അത് ഏല്‍പ്പിക്കണമെന്ന് അന്‍വറിക്ക തീരുമാനിച്ചു. വായനശാലയില്‍ ഒരു പരസ്യം കൊടുത്തു. പരസ്യത്തെക്കുറിച്ച് ഹരിതയും കുടുംബവും അറിഞ്ഞു, കല്യാണസമയത്തെ ആല്‍ബവും, ജ്വല്ലറി ബില്ലുമായി കുടുംബമെത്തി. വള ഉടമസ്ഥര്‍ക്ക് കൈമാറി. ഹരിതയുടെ മുഖത്ത് സ്വര്‍ണത്തിളക്കമുള്ള സന്തോഷം, അന്‍വറിക്കയുടെ മുഖത്ത് പൊന്‍തിളക്കമുള്ള ചിരിയും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only