തിരുവനന്തപുരം: തലസ്ഥാനത്ത് 26 കാരിയായ യുവതിയുടെ ജീവിതം ഗുരുതരമായി ബാധിച്ച ശസ്ത്രക്രിയ പിഴവിന്റെ വിവാദം പുറത്തു വന്നു. തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യുന്നതിനിടെ 50 സെന്റിമീറ്റര്‍ നീളമുള്ള വയര്‍ നെഞ്ചിനകത്ത് കുടുങ്ങിയ സംഭവത്തില്‍ കാട്ടാക്കട സ്വദേശിനി സുമയ്യ ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി.
പരാതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിനെതിരെയാണ്. 2023 മാര്‍ച്ച് 22 നാണ് ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് രണ്ടുവര്‍ഷം രാജീവ് കുമാറിന്റെ കീഴില്‍ ചികിത്സ തുടരുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ സുമയ്യ മറ്റൊരു ആശുപത്രിയെ സമീപിച്ചു. അവിടെ നിന്നും എടുത്ത എക്സ്-റേയില്‍ നെഞ്ചിനകത്ത് വയര്‍ കുടുങ്ങിയതായി വെളിപ്പെട്ടു. തുടര്‍ന്ന് വീണ്ടും രാജീവ് കുമാറിനെ സമീപിച്ചപ്പോള്‍ പിഴവ് സമ്മതിച്ചുവെന്ന് യുവതി വ്യക്തമാക്കി. മറ്റ് ഡോക്ടര്‍മാരുമായി സംസാരിച്ചു കീഹോള്‍ ശസ്ത്രക്രിയ വഴി വയര്‍ നീക്കം ചെയ്യാമെന്നു രാജീവ് കുമാര്‍ പറഞ്ഞുവെന്നും, ''ഈ കാര്യം ആരോടും പറയരുത്'' എന്നും ആവശ്യപ്പെട്ടുവെന്നുമാണ് സുമയ്യ പറഞ്ഞത്. ശേഷം രാജീവ് കുമാറിന്റെ നിര്‍ദേശപ്രകാരം സുമയ്യ ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സിടി സ്‌കാനില്‍ വയര്‍ രക്തക്കുഴലുകളുമായി ഒട്ടിച്ചേര്‍ന്നതിനാല്‍ നീക്കം ചെയ്യാന്‍ കഴിയില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെ രാജീവ് കുമാര്‍ ചികിത്സയില്‍ നിന്ന് പിന്മാറിയതായി സുമയ്യ ആരോപിച്ചു. തുടര്‍ചികിത്സയ്ക്കുള്ള മാര്‍ഗമില്ലാത്തതിനാല്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്നും സുമയ്യ വ്യക്തമാക്കി
Post a Comment