Aug 29, 2025

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: 8.73 കിലോമീറ്റർ നീളം, നാല് വർഷംകൊണ്ട് പൂർത്തിയാക്കും


മുക്കം: വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നാല് വർഷംകൊണ്ട് പൂർത്തിയാക്കും.


തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഈമാസം 31ന് വൈകീട്ട് മൂന്നിന് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ്‌ ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്.പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവാകുമെന്നുമാണ് പ്രതീക്ഷ. പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, വനം വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എം.പി, എം.എൽ.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ദീഖ് തുടങ്ങിയവർ പങ്കെടുക്കും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only