കണ്ണൂര്‍ കണ്ണപുരം സ്ഫോടനക്കേസ് പ്രതി പിടിയില്‍. അനൂപ് മാലിക്ക് പിടിയിലായത് കാഞ്ഞങ്ങാട് നിന്നാണ്. കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെ രണ്ടിനുണ്ടായ സ്ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഉല്‍സവത്തിന് പടക്കങ്ങള്‍ ഉണ്ടാക്കി നല്‍കാറുള്ള മുഹമ്മദ് ആഷാം ആണ് മരിച്ചത്. വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ ബന്ധുവായ അനൂപ് മാലിക് 2016ലെ പുഴാതി പൊടിക്കുണ്ട് സ്ഫോടനക്കേസിലും പ്രതിയാണ്.
നാടുമുഴുവൻ വിറച്ച അത്യുഗ്ര സ്ഫോടനമാണ് ഇന്ന് പുലർച്ചെ രണ്ടുമണിക്ക് കണ്ണപുരം കീഴറയിൽ സംഭവിച്ചത് . വീട് പൂർണമായും തകർന്നുവീണു. ഉഗ്രശേഷിയുള്ള ഗുണ്ട് ആണ് പൊട്ടിയത്. വീട്ടിൽ പടക്ക നിർമ്മാണമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. മണിക്കൂറുകൾ കഴിഞ്ഞാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുക്കാൻ കഴിഞ്ഞത്. ആഷാമും പ്രതി അനൂപ് മാലിക്കും ബന്ധുക്കൾ ആണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ സ്ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അലവിൽ വീണവിഹാറിൽ അനൂപ്കുമാര്‍ എന്ന അനൂപ് മാലിക് മുന്‍പും സമാനകേസുകളില്‍ പ്രതി. സ്ഫോടനത്തില്‍ സ്വന്തം തറവാട് വീട് വരെ തകര്‍ന്നതിനുശേഷം വീടുകള്‍ വാടകയ്ക്കെടുത്ത് അതേ പണി തുടര്‍ന്ന അനൂപ് കുമാര്‍ തിരിച്ചറിയാതിരിക്കാനാണ് അനൂപ് മാലിക് എന്നു പേരുമാറ്റിയത്.
2016 മാര്‍ച്ച് 23ന് കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിൽ ഉഗ്രസ്ഫോടനത്തിന്റെ ദൃശ്യങ്ങളാണിത്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ച ഇരുനില വീട് മാത്രമല്ല സമീപത്തെ എട്ടുവീടുകള്‍ കൂടി തകര്‍ന്നു. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്റേതടക്കം 47 വീടുകൾക്കും സാരമായ കേടുപാടുകളുണ്ടായി. പെൺകുട്ടി ഉൾപ്പെടെ എട്ടുപേർക്കു പരുക്കേറ്റു. 90.47 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണു കണക്ക്. സ്ഫോടന സമയത്തു വീട്ടിൽ 400 കുഴിഗുണ്ടുകൾക്കു പുറമെ ഡൈനകളും ചൈനീസ് പടക്കങ്ങളും ഉണ്ടായിരുന്നതായി അനൂപ് മൊഴി നല്കി. അനധികൃത സ്ഫോടകവസ്തു ശേഖരിച്ചതിനും സൂക്ഷിച്ചതിനും കൈകാര്യം ചെയ്തതിനുമുള്ള കേസുകളിൽ നേരത്തെ പ്രതിയായ അനൂപിനു പലപ്പോഴും തുണയായതു ചില ഉന്നത കക്ഷിരാഷ്ട്രീയ ബന്ധങ്ങളാണ്. പൊടിക്കുണ്ട് സ്ഫോടനത്തിനു പിന്നാലെയും അനൂപിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു.
അനധികൃതമായുള്ള ഇടപാടുകൾ ആയതുകൊണ്ടു തന്നെ വാടകവീട്ടിൽ നിന്നു വാടകവീട്ടിലേക്കു മാറിമാറിയാണു സീസണിൽ പടക്കവിതരണം നടത്തിയിരുന്നത്. 2009ൽ ആറാംകോട്ടത്ത് അനൂപ് കെട്ടിടം വാടകയ്ക്കെടുത്ത് അനധികൃതമായി സൂക്ഷിച്ച വൻ പടക്കശേഖരം പൊലീസ് പിടികൂടിയിരുന്നു. ഇവിടെ അനധികൃതമായി പടക്കം നിർമിച്ചിരുന്നു. 2013ൽ അഴീക്കോട് അരയാക്കണ്ടിപ്പാറയിൽ ഗൾഫുകാരന്റെ വീട് വാടകയ്ക്കെടുത്ത് ഇതേരീതിയിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതും പൊലീസ് കണ്ടെത്തിയിരുന്നു.
Post a Comment