ഊര്ങ്ങാട്ടിരി വടക്കുംമുറി കളപ്പാറയിൽ കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽ അന്തർസംസ്ഥാന തൊഴിലാളികൾ മരിച്ചത് വിഷവാതകം ശ്വസിച്ച് ബോധരഹിതരായശേഷം ടാങ്കിനകത്തെ വെള്ളത്തിൽ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസം ഗോല്പാറ സ്വദേശികളായ ഹിതേഷ് ശരണിയ (46), സമദ് അലി (20), ബിഹാര് സ്വദേശി വികാശ് കുമാര് (29) എന്നിവരാണ് മരിച്ചത്. ടാങ്കിൽ മുട്ടിന് താഴെ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂവെങ്കിലും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീണതോടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറി. കെമിക്കൽ ഉപയോഗിച്ചാണ് ടാങ്ക് വൃത്തിയാക്കുന്നത്. ഇത് ശ്വാസതടസ്സത്തിന് കാരണമായി. ടാങ്കിനകത്ത് ഓക്സിജൻ കുറവായതും മരണത്തിലേക്കു നയിച്ചു.മരിച്ചവരുടെ ആന്തരികാവയവങ്ങൾ രാസപരിശോധനക്കയച്ചു. ഇതിന്റെ ഫലം വന്നെങ്കിലേ മരണകാരണം കൂടുതൽ വ്യക്തമാകൂ. ഫോറൻസിക് വിഭാഗം ഡോക്ടർമാരായ അനൂപ്, ഡോ. അഫ്ര എന്നിവർ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ സംഭവസ്ഥലം സന്ദർശിക്കുമെന്ന് ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ഹിതേഷ് ശരണിയ, വികാശ് കുമാര് എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പൂർത്തിയായത്. സമദ് അലിയുടെ ബന്ധുക്കൾ വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരിയിലെത്തിയത്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ബുധനാഴ്ച ഉച്ചക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ആരംഭിച്ചത്. ഉച്ചക്ക് 2.15ന് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റി. എന്നാൽ, മൃതദേഹങ്ങൾ നാട്ടിലേക്ക് വിമാനമാർഗം കൊണ്ടുപോകാൻ ആവശ്യമായ പൊലീസിന്റെ എൻ.ഒ.സി വൈകിയതോടെ 3.15നുശേഷമാണ് മൃതദേഹവുമായി ബന്ധുക്കൾക്ക് മടങ്ങാനായത്. ആംബുലൻസിൽ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. വികാശ് കുമാര് പ്ലാന്റിലെ മെക്കാനിക്കും മറ്റു രണ്ടുപേര് തൊഴിലാളികളുമാണ്. ബുധനാഴ്ച രാവിലെ 11നാണ് അപകടം. വടക്കുംമുറിയിൽ കോഴിമാലിന്യം സംസ്കരിച്ച് മൃഗങ്ങള്ക്കുള്ള തീറ്റ ഉല്പാദിപ്പിക്കുന്ന ‘അനുഗ്രഹ’ ഹാച്ചറി പൗള്ട്രി ഫാം ആന്ഡ് റെന്ഡറി യൂനിറ്റിലായിരുന്നു അപകടം. തൊഴിലാളികളെ മാനേജര് വിളിച്ചപ്പോള് പ്രതികരിക്കാത്തതിനെ തുടര്ന്ന് തിരച്ചില് നടത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.പ്ലാന്റിൽ വിദഗ്ധ പരിശോധന നടത്തി അരീക്കോട്: അതിഥി തൊഴിലാളികൾ മരിച്ച ഊർങ്ങാട്ടിരി കളപ്പാറയിൽ കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽ സയന്റിഫിക് വിദഗ്ധർ പരിശോധന നടത്തി. ഉച്ചയോടെയാണ് സംഘം കളപ്പാറയിൽ എത്തിയതിയത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ളതാണീ ഹാച്ചറി. സംഭവത്തിൽ അരീക്കോട് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്ലാന്റിലെ വിവിധ ഇടങ്ങളിൽ നിന്നായി സംഘം സാമ്പിളുകൾ ശേഖരിച്ചു. ഇവ അന്വേഷണ സംഘത്തിന് കൈമാറി. സാമ്പിളുകൾ പരിശോധിച്ച ശേഷമാകും എന്തൊക്കെ രാസപദാർഥങ്ങളാണ് പ്ലാന്റിനുളളിൽ ഉപയോഗിച്ചിരുന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരുക.മൂന്ന് തൊഴിലാളികളേയും കാണാതായതിനെ തുടർന്ന് പ്ലാന്റിന് അകത്ത് കയറി നടത്തിയ തിരച്ചിലിലാണ് ടാങ്കിനുള്ളിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാരും ഫോറൻസിക് സംഘവും പരിശോധനക്കായി ഇന്ന് പ്ലാന്റിൽഅരീക്കോട്: കളപ്പാറയിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ പോസ്റ്റ്മോർട്ടം നടത്തിയ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരും ഫോറൻസിക് സംഘവും പരിശോധനക്കായി വെള്ളിയാഴ്ച പ്ലാന്റിൽ എത്തും. കൂടുതൽ വിവരങ്ങൾ ശേഖരിച്ചാനാണ് സംഘം എത്തുന്നത്.
Post a Comment