മുക്കം: ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ച് വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്നിലെ എൻ.എസ്.എസ് യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ ഒൻപതിന് ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പി പി ലജ്‌ന ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളും ഓർമ്മിപ്പിക്കുന്ന സന്ദേശം ചടങ്ങിൽ പങ്കുവെച്ചു. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ അനിൽ ശേഖർ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾ ദേശസ്‌നേഹമുണർത്തുന്ന ദേശാഭിമാന ഗാനം ആലപിച്ചു. എൻ.എസ്.എസ് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന റാലിയും നടന്നു. വിദ്യാർത്ഥികൾ അണിനിരന്ന റാലി ഗ്രാമത്തിലെ പ്രധാന വഴികളിലൂടെ സഞ്ചരിച്ച് ദേശസ്‌നേഹവും ഐക്യവും പ്രചരിപ്പിച്ച് മുരിങ്ങമ്പമ്പുറായിഎടലമ്പാട്ട് കോളനിയായ പങ്കാളിത്ത ഗ്രാമത്തിൽ പായസ കിറ്റ് വിതരണവും നടത്തി.
ചടങ്ങ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.വി നസീറ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രവർത്തകർ ഗ്രാമവാസികൾക്ക് സൗഹൃദവും കരുതലും നിറഞ്ഞ പായസ കിറ്റുകൾ കൈമാറി. എൻ.എസ്.എസ് ലീഡർമാരായ അസിൽ സാദിഖ്, ആദിത്യ സംസാരിച്ചു.
സ്വാതന്ത്ര്യദിന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി എൻ.എസ്.എസ് പ്രവർത്തകർ സ്വന്തം കൈകളാൽ നിർമിച്ച ഗ്രീറ്റിംഗ് കാർഡ് വിതരണവും നടത്തി. ആകർഷകമായ കാർഡുകളിൽ ദേശസ്‌നേഹവും ഐക്യവും നിറഞ്ഞ സന്ദേശങ്ങൾ പൊതുസമൂഹവുമായി പങ്കുവെച്ചു. വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷം, ദേശത്തിന്റെ സ്വാതന്ത്ര്യ പൈതൃകം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും, ഐക്യവും സൗഹൃദവും വളർത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതുമായിരുന്നു. വൈവിധ്യമാർന്ന ഇടപെടലുകളിലൂടെ രാജ്യത്തിന്റെ 79-മത് സ്വാതന്ത്യദിനാഘോഷത്തിന്റെ മാറ്റ് കൂട്ടാൻ എൻ.എസ്.എസ് പ്രവർത്തകർക്കായി.
Post a Comment