തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ സ്ഥാപിച്ച പോലീസ് എയ്ഡ്‌പോസ്റ്റ് യാഥാർഥ്യമായി. തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.
താമരശ്ശേരി ഡിവൈഎസ്‌പി. കെ. സുഷീർ അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് റൂറൽ എസ്‌പി. കെ.ഇ. ബൈജു ഐ.പി.എസ്,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്,വാർഡ് മെമ്പർ സീന ബൈജു, തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രജീഷ്, പ്രിൻസിപ്പൽ എസ്ഐ ഇ.കെ. രമ്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
മലയോര ഹൈവേയുടെ ഭാഗമായി ഇവിടെ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. സ്ഥലത്തിന് പൊന്നുംവിലയായതോടെ ആരും സ്ഥലം സൗജന്യമായി വിട്ടുനൽകാൻ തയ്യാറായില്ല. ഇതോടെയാണ് റൂറൽ എസ്‌പി തന്നെ മുൻകൈയെടുത്ത് എയ്‌ഡ്‌പോസ്റ്റ് സ്ഥാപിച്ചത്.
മലയോരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇവിടെ പോലീസ് എയ്ഡ്പോസ്റ്റ് വേണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നടപ്പിലായത്. സദാസമയവും സഞ്ചാരികളാൽ ബഹളമയമാണിവിടം.
മണിക്കൂറുകളുടെ ഗതാഗ തസ്തംഭനമാണ് പലപ്പോഴും അനുഭവപ്പെടുന്നത്. പോലീസ് എയ്‌ഡ്‌പോസ്റ്റിൽ ഒരു എസ്ഐയും രണ്ടു സിപിഒ മാരുമാണുണ്ടാകുക.
Post a Comment