Sep 7, 2025

ഇന്ന് രാത്രി കേരളത്തിൽ കാണാം, ചുവന്ന ചന്ദ്രനെ; പൂർണചന്ദ്രഗ്രഹണം നീണ്ടുനിൽക്കുക 82 മിനിറ്റോളം


ഇന്ന് ഞായർ രാത്രി നടക്കുന്ന പൂർണചന്ദ്രഗ്രഹണസമയത്ത് ചുവന്ന ചന്ദ്രൻ ദൃശ്യമാകും. രാത്രി പത്ത് മണിക്ക് ശേഷമാണ് കേരളത്തിൽ ഉൾപ്പെടെ ചുവന്ന ചന്ദ്രനെ കാണാൻ കഴിയുക.

ജ്യോതിശാസ്ത്ര കൂട്ടായ്‌മയായ ആസ്ട്രോ കേരളയുടെ നേതൃത്വത്തിൽ പൂർണചന്ദ്രഗ്രഹണം ആസ്വദിക്കുന്നതിന് ചന്ദ്രോത്സവം 2025 എന്ന പേരിൽ ചാന്ദ്രനിരീക്ഷണ പരിപാടി നടത്തുന്നുണ്ട്. സംസ്ഥാനതല പരിപാടി കോട്ടയം പാറേച്ചാൽ ബൈപ്പാസിലാണ് നടക്കുക. പൂർണചന്ദ്രഗ്രഹണസമയത്ത് ചന്ദ്രൻ ചുവന്ന നിറത്തിലാകുന്ന പ്രതിഭാസത്തെയാണ് ബ്ലഡ് മൂൺ അഥവാ രക്തചന്ദ്രൻ എന്ന് വിളിക്കുന്നത്.

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കുന്നുവെങ്കിലും, സൂര്യപ്രകാശത്തിൻ്റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും വിസരണത്തിനും വിധേയമാകുന്നു. തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, നീല, പച്ച നിറങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്‌മകണങ്ങളിൽ തട്ടി പൂർണമായും വിസരണത്തിന് വിധേയമാകുന്നതിനാൽ ഈ നിറങ്ങൾ ചന്ദ്രനിൽ പ്രതിഫലിക്കുന്നില്ല.

അതേസമയം, തരംഗദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ വിസരണത്തിന് അധികം വിധേയമാകാതെ ചന്ദ്രനിൽ പതിക്കുകയും, പ്രതിഫലിച്ച് നമുക്ക് കാണാനാകുകയും ചെയ്യും. ഇതുമൂലമാണ് പൂർണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ പൂർണമായി അപ്രത്യക്ഷമാകാതെ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകുന്നത്.

അനുകൂല കാലാവസ്ഥ ആണെങ്കിൽ ഞായറാഴ്ച രാത്രി പത്തുമുതൽ ചന്ദ്രഗ്രഹണം കാണാം. ഇന്ത്യ, ചൈന, ജപ്പാൻ, പടിഞ്ഞാറൻ ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ചന്ദ്രഗ്രഹണം ഏകദേശം 82 മിനിറ്റോളം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only