തൊടുപുഴ: പാതിവില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രവർത്തനം അവസാനിപ്പിച്ചതോടെ തട്ടിപ്പിന് ഇരയായവർ ആശങ്കയിൽ. സംസ്ഥാന വ്യാപകമായി കോടികൾ തട്ടിയ കേസുകളുടെ അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് സർക്കാർ നിർദേശ പ്രകാരം പ്രവർത്തനം അവസാനിപ്പിച്ചത്. സംഘ തലവനായിരുന്ന ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജനെ വിജിലൻസ് എസ്.പിയായി സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് സർക്കാർ നിർദേശമെത്തിയത്. ഇത് കേസിന്റെ തുടർ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ, സായിഗ്രാം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരടക്കമുള്ളവരാണ് കേസിലെ മുഖ്യ പ്രതികൾ. സംസ്ഥാനത്താകമാനം ഒന്നര ലക്ഷത്തോളം പേരെ കബളിപ്പിച്ച് അഞ്ഞൂറ് കോടിയിലേറെ രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 1400 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
നാഷണല് എന്.ജി.ഒ ഫെഡറേഷന് എന്ന സംഘടനയുടെ കോഓഡിനേറ്ററാണെന്നും കമ്പനികളുടെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് ലാപ്ടോപ്പുകൾ, ഇരുചക്രവാഹനങ്ങൾ, തയ്യൽ മെഷീനുകൾ, ഗൃഹോപകരണങ്ങൾ അടക്കമുള്ളവ സ്ത്രീകൾക്ക് പകുതി വിലക്ക് നൽകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിശ്വാസ്യത പിടിച്ചുപറ്റാനായി പ്രധാന കേന്ദ്രങ്ങളിൽ വലിയ പ്രചാരണത്തോടെ പ്രമുഖരെ പങ്കെടുപ്പിച്ച് ഏതാനും പേർക്ക് സാധനങ്ങൾ നൽകുന്ന പരിപാടികളും സംഘടിപ്പിച്ചു. ഇതോടെ കൂടുതൽ പേർ ഇവരുടെ തട്ടിപ്പിൽ വീണു.
സീഡ് സൊസൈറ്റികൾ രൂപവത്കരിച്ച് പ്രാദേശിക തലത്തിൽ സ്വാധീനമുള്ളവരെ പ്രമോട്ടർമാരായി നിയോഗിച്ചായിരുന്നു തട്ടിപ്പ്. ഇരുചക്രവാഹനത്തിന് പണം നൽകിയ മൂവാറ്റുപുഴ സ്വദേശിനിയായ വീട്ടമ്മക്ക് മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതായതോടെ അവർ പൊലീസിൽ പരാതി നൽകിയതാണ് തട്ടിപ്പ് വെളിച്ചത്ത് വരാൻ കാരണം. തുടർന്ന് 14 ജില്ലകളിലും തട്ടിപ്പിന്നിരയായ ആയിരങ്ങളാണ് പരാതിയുമായി രംഗത്ത് വന്നത്. ഇതോടെയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
നിലവിൽ ക്രൈംബ്രാഞ്ചിന്റെ ബന്ധപ്പെട്ട യൂനിറ്റുകൾ കേസ് അന്വേഷിക്കാനാണ് നിർദേശം. എന്നാലിത് കേസിന്റെ ഏകീകൃത രീതിയെ തകിടം മറിക്കുമെന്നാണ് പരാതി. ഇത് തുടർ നടപടികളെ ദോഷകരമായി ബാധിക്കുമെന്നും പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുമെന്നും തട്ടിപ്പിന് ഇരയായവർ ചൂണ്ടിക്കാണിക്കുന്നു.
Post a Comment