തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്ന 'ഫ്ലൈ 91 എയർലൈൻസ്' കമ്പനിയുടെ എടിആർ വിമാനം കൊച്ചി വിമാനത്താവളത്തിലിറങ്ങി. ആദ്യമായാണ് ഈ കമ്പനിയുടെ വിമാനം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് ഇതു വന്നത്.നിലവിൽ 3 വിമാനങ്ങളുള്ള, ഗോവ ആസ്ഥാനമായ കമ്പനി ഗോവ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 ഇടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ 50 നഗരങ്ങളെ ബന്ധിപ്പിക്കാനാണു പദ്ധതി.
ചെറുനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാക്കുന്നതുമായ കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കരുത്തേകുന്നതാണ് ഫ്ലൈ91ന്റെ സർവീസുകൾ. 'അതിരുകളില്ലാത്ത ആകാശം' എന്ന ടാഗ്ലൈനോട് കൂടിയ ലോഗോയാണ് കമ്പനിക്കുള്ളത്. ഇന്ത്യയുടെ ടെലിഫോൺ കോഡിനെ സൂചിപ്പിക്കുന്നതാണ് പേരിലെ 91. കിങ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. 200 കോടി രൂപ പ്രാരംഭമൂലധനത്തോടെയാണ് ഫ്ലൈ91 പ്രവർത്തനം ആരംഭിച്ചത്.
Post a Comment