Sep 6, 2025

കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം


തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം. പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്ന തൃശൂർ റേഞ്ച് DIG ആർ ഹരിശങ്കറിന്റെ ശിപാർശയിന്മേലാണ് പൊലീസിന് നിയമോപദേശം. കേസ് കോടതിയിലാണെന്നത് നടപടിക്ക് തടസമല്ല. നാല് പൊലീസുകാര്‍ക്കും അടുത്ത ആഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ഇന്ന് ഉച്ചയോടെയാണ് ഈ നിയമോപദേശം ലഭിച്ചത് എന്നാണ് വിവരം. 2023ല്‍ എടുത്ത നടപടി പുനഃപരിശോധിക്കാം. നടപടിക്ക് ഉത്തരമേഖല ഐ.ജിയെ ചുമതലപ്പെടുത്തി.


കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിലവില്‍ തീരുമാനം. തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

കുന്നംകുളത്തെ പൊലീസ് ക്രൂരതയില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ പൊലീസിന്റെ പുനഃപരിശോധന.

പൊലീസുകാരുടെ ഇന്‍ക്രിമെന്റ് തടഞ്ഞും കുന്നംകുളം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയുമായിരുന്നു ആദ്യത്തെ നടപടി. പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഈ നടപടി. സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്.

ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. സര്‍വീസില്‍നിന്ന് നീക്കം ചെയ്താല്‍ തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കേസ് കോടതിയുടെ പരിഗണനയില്‍ കൂടിയാണ്. കോടതി അലക്ഷ്യം അല്ലെങ്കില്‍ ഉടന്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തി പോലീസുകാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. ആരോപണ വിധേയന്‍ സിപിഒ ശശിധരന്റെ വീട്ടിലേക്കും മട്ടാഞ്ചേരി എസിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only