Sep 7, 2025

കുന്നംകുളത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലും കസ്റ്റഡി മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പരാതിക്കാരന്‍


തൃശൂര്‍: കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ, തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിക്കുന്നത്.

2023 മേയ് 24-നാണ് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ പി എം രതീഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ പി ഔസേഫ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നും ഔസേപ്പ് പറഞ്ഞു.

പാലക്കാട് വണ്ടാഴി സ്വദേശിയാണ് ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നു കാണിച്ച്പൊലീസിന് പരാതി നല്‍കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതില്‍ 3 ലക്ഷം പൊലീസിനാണെന്ന് പറയുകയും ചെയ്തു. 5 ലക്ഷം രൂപ സിസിടിവി ക്യാമറയ്ക്ക് മുന്നില്‍വച്ചാണ് കൈമാറിയതെന്നും ഔസേപ്പ് പറഞ്ഞു. തന്നെ ആരും മര്‍ദിച്ചില്ലെന്നു പരാതിക്കാരന്‍ മൊഴി നല്‍കി ജില്ലാ അതിര്‍ത്തി കടന്നു പോയതിനു ശേഷമാണ് ജീവനക്കാരെ പൊലീസ് മോചിപ്പിച്ചതെന്നും ഔസേപ്പ് വ്യക്തമാക്കി.

സംസ്‌ഥാന വിവരാവകാശ കമ്മിഷൻ മുഖേന പൊലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് ഔസേപ്പ് അപേക്ഷിച്ചു. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായത്. മർദ്ദനമുണ്ടായെന്ന് വ്യക്തമായിട്ടും ഇതുവരെ പൊലീസുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഔസേപ്പ് പറയുന്നു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം. മര്‍ദിച്ച എസ്ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only