Sep 23, 2025

സംസ്ഥാനത്ത് ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനം: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനതല ആയുര്‍വേദ ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു സൂതികാമിത്രം, ആയുഷ് യോഗ ക്ലബ് ആപ്പ് ഉള്‍പ്പെടെ 12 പദ്ധതികള്‍ക്ക് തുടക്കമായി


തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കോടി രൂപ ചെലവഴിച്ച് ജില്ലയിലെ നിലവിലുള്ള നേത്ര ചികിത്സാ യൂണിറ്റുകളെ നവീകരിച്ചതിന് പുറമേ 6 ദൃഷ്ടി യൂണിറ്റുകള്‍ കൂടി ആരംഭിച്ചതോടെയാണ് എല്ലാ ജില്ലകളിലും ആയുര്‍വേദ നേത്രരോഗ ചികിത്സ സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ചികിത്സാ മേഖലയെ വിപുലപ്പെടുത്തുന്ന 14.39 കോടി രൂപയുടെ 12 പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഈ കാലഘട്ടം ആയുര്‍വേദത്തിന് നല്‍കുന്ന മികച്ച സംഭാവനയാണ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം. സംസ്ഥാനത്തെ ആയുര്‍വേദ മേഖലയ്ക്ക് കരുത്തേകുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആശുപത്രിയും മാനുസ്‌ക്രിപ്റ്റ് സെന്ററും ഉള്‍പ്പെടെയുള്ള ബ്ലോക്കുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാകും. നാഷണല്‍ ആയുഷ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വൈകാതെ ഉണ്ടാകും.

ആയുര്‍വേദ മേഖലയുടെ വികസനത്തിനായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ ഗവേഷണ സംവിധാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനുമായി. രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തില്‍ 100 കിടക്കകളുള്ള ആശുപത്രിയാണ് ഉള്ളത്. ആയുര്‍വേദ ആശുപത്രികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിലും സ്പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ നല്‍കാനായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആയുഷ് ഡിസ്പെന്‍സറി എന്ന പ്രഖ്യാപനവും സാധ്യമാക്കാനായി. വെല്‍നസ് മേഖലയുടെ ഗുണനിലവാരവും ആയുര്‍വേദ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള ഗുണനിലവാര പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വി.കെ. പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൂതികാമിത്രം പരിശീലന പരിപാടി സംസ്ഥാന തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ഇന്‍ ആയുഷി(നിത്യ)ന്റെ കീഴില്‍ നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം നാഷണല്‍ ആയുഷ് മിഷന്‍ കേരള ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബുവും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാറും ഒപ്പുവച്ചു.

ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. റീത്ത, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാര്‍, ഹോമിയോപ്പതി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രിയദര്‍ശിനി, തിരുവനന്തപുരം ഗവ. ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ വിജയന്‍, നാഷണല്‍ ആയുഷ് മിഷന്‍ കേരള നോഡല്‍ ഓഫീസര്‍ അജിത എ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. പി.കെ ഹരിദാസ്, സിസിആര്‍എഎസ് ആര്‍എആര്‍ഐ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ശ്രീദീപ്തി ജി.എന്‍, സംസ്ഥാന മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡ് സിഇഒയും ഔഷധി എംഡിയുമായ ഡോ. ടി.കെ ഹൃദീക്, ഹോംകോ എംഡി ഡോ. ശോഭ ചന്ദ്രന്‍, നാഷണല്‍ ആയുഷ് മിഷന്‍ കേരള ഹോമിയോപ്പതി സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. ജയനാരായണന്‍ ആര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രീയ കെ.എസ് സ്വാഗതവും നാഷണല്‍ ആയുഷ് മിഷന്‍ കേരള (ഐഎസ്എം) സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സജി പിആര്‍ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only