കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസം പദ്ധതിയായ കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) സൊസൈറ്റിയുടെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി കർഷക പഠന സംഘങ്ങളുടെ പ്രധാന പഠന കേന്ദ്രമായി മാറുന്നു.
തെങ്ങ്, ജാതി, കുരുമുളക്, കമുക്, പഴവർഗങ്ങൾ, പച്ചക്കറി, ഓർക്കിഡ്, തേൻ, മത്സ്യം, അലങ്കാര മത്സ്യം, പശു, ആട്, കോഴി തുടങ്ങി എല്ലാവിധ കാർഷിക വിളകളുടെയും മാതൃകാ തോട്ടങ്ങളും പരിചയ സമ്പന്നരായ കർഷകരും ബഡ്ഡിംഗ്-ഗ്രാഫ്റ്റിംഗ്, മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണം തുടങ്ങിയ കാർഷിക അനുബന്ധ മേഖലകളും എല്ലാം ചെറിയ ഒരു ദൂരത്തിനുള്ളിൽ ലഭ്യമാണ് എന്നതും തുഷാരഗിരി, അരിപ്പാറ, ഇലന്ത്കടവ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യവും അതോടൊപ്പം ഇവയെല്ലാം ചേർത്ത് സന്ദർശകരുടെ ആവശ്യങ്ങൾ അറിഞ്ഞ് ഓരോ സന്ദർശക സംഘങ്ങൾക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാൻ കൃഷിഭവൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിരിക്കുന്ന ശരിയായ കോ ഓർഡിനേഷനും എല്ലാം ചേർന്നാണ് ഈ നാടിനെ കർഷക പഠന സംഘങ്ങളുടെ പ്രിയ കേന്ദ്രമാക്കി വളർത്തിക്കൊണ്ടിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ നിന്നും എത്തിയ സംഘത്തെ നയിച്ചത് അസിസ്റ്റൻ്റ് കൃഷി ഓഫീസർ രമേശൻ എംഎം, കൃഷി അസിസ്റ്റൻ്റ്മാരായ അജീഷ് പി, ദീപം കെകെ, ആത്മ ബിടിഎം ശരണ്യ ചന്ദ്രൻ , ലീഡ്സ് ഫീൽഡ് അസിസ്റ്റൻ്റ് ശ്യാമ കെ എന്നിവരാണ്. ഗ്രീൻ ഫാം വില്ലാസ്, കാർമൽ അഗ്രോ ഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, താലോലം പ്രൊഡക്ടസ്, മലബാർ എഗ്ഗർ ഫാം എന്നിവിടങ്ങളിലാണ് ഈ സംഘം സന്ദർശനം നടത്തിയത്.
വയനാട് പൊഴുതന കൃഷി ഭവനിൽ നിന്നും വന്ന സംഘത്തിന് കൃഷി ഓഫീസർ അമൽ വിജയ്, അസിസ്റ്റന്റ്മാരായ സുധീഷ് എംഎസ്, വിജയലക്ഷ്മി യു ആർ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ രേഖ മോഹൻ, അസിസ്റ്റന്റ് ടെക്നോളജി മാനേജർ സജിന പിഎസ് എന്നിവർ നേതൃത്വം നൽകി. തറക്കുന്നേൽ അഗ്രോ ഗാർഡൻ, താലോലം പ്രൊഡക്ടസ്, പുരയിടത്തിൽ അഗ്രി ഗാർഡൻ, ലെയ്ക് വ്യൂ ഫിഷ് ഫാം എന്നീ കേന്ദ്ര __ ങ്ങളാണ് വയനാട് സംഘം സന്ദർശിച്ചത്.
തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, അഗ്രോ സർവ്വീസ് സെൻ്റർ ഇൻചാർജ് ചെൽസി, ഫാം ടൂറിസം കോ ഓർഡിനേറ്റർ അജു എമ്മാനുവൽ തുടങ്ങിയവർ സംഘങ്ങളെ സ്വീകരിക്കുകയും ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്തു.
Post a Comment