Sep 23, 2025

മലയാള സിനിമക്ക് അഭിമാന നിമിഷം; ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ, ഉർവശിക്കും വിജയരാഘവനും ദേശീയ അവാർഡ്


ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ജേതാക്കൾക്ക് സമ്മാനിച്ചു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി.ഇത് തന്‍റെ മാത്രം നിമിഷമല്ലെന്നും മലയാളം സിനിമയുടേതാണെന്നും മോഹൻലാൽ പറഞ്ഞു. മലയാളം സിനിമയെ ഉയർത്തിക്കൊണ്ടുവന്ന മഹാരഥന്മാർക്കുകൂടി അവകാശപ്പെട്ട നിമിഷമാണിത്. മലയാളം സനിമ ലോകത്തിന് ഈ പുരസ്കാരം സമർപ്പിക്കുന്നു. പുരസ്കാരം സിനിമയോടുള്ള എന്റെ ഉത്തരവാദിത്തം കൂട്ടുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവരെ നന്ദി അറിയിക്കുന്നു. തന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.

2023ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് ചൊവ്വാഴ്ച സമ്മാനിച്ചത്. ഷാറൂഖ്‌ ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാര്‍. മികച്ച നടിക്കുള്ള അവാര്‍ഡ് റാണി മുഖര്‍ജി സ്വന്തമാക്കി. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയ മികവാണ് ഷാരൂഖാനെ അവാര്‍ഡ് ജേതാവാക്കിയത്. അതേസമയം ട്വെൽവ്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ തേടി പുരസ്‌കാരം എത്തിയത്. മികച്ച നടിയായി റാണി മുഖര്‍ജിയെ തെരഞ്ഞെടുത്തത് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ അഭിനയത്തിനാണ്.

ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് മിഥുന്‍ മുരളി അര്‍ഹനായി. പൂക്കാലം സിനിമയുടെ എഡിറ്റിങ്ങിനാണ് അവാര്‍ഡ്. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം.കെ. രാംദാസ് സംവിധാനം ചെയ്‌ത നെകലും തെരഞ്ഞെടുത്തു. അവാര്‍ഡ് വിതരണത്തിന് ശേഷം ജേതാക്കൾക്കായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ഒരുക്കുന്ന അത്താഴ വിരുന്നുമുണ്ട്.

*അവാര്‍ഡ് ജേതാക്കൾ*

ദാദാസാഹിബ് ഫാൽക്കെ അവാർഡ് - മോഹൻലാൽ
മികച്ച നടൻ - ഷാരൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസി (ട്വെൽവ്ത് ഫെയിൽ)
മികച്ച നടി - റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)
മികച്ച സംവിധാനം - ദ് കേരള സ്റ്റോറി (സുദീപ്തോ സെൻ)
മികച്ച ജനപ്രിയ ചിത്രം - റോക്കി ഔർ റാണി കി പ്രേം കഹാനി
മികച്ച ഹിന്ദി ചിത്രം - കാതൽ - എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി
മികച്ച ഫീച്ചർ ഫിലിം - ട്വെൽവ്ത് ഫെയിൽ
മികച്ച മലയാളം സിനിമ - ഉള്ളൊഴുക്ക്
മികച്ച തെലുഗു ചിത്രം - ഭഗവന്ത് കേസരി
മികച്ച ഗുജറാത്തി ചിത്രം - വാഷ്
മികച്ച തമിഴ് ചിത്രം - പാർക്കിങ്
മികച്ച കന്നഡ ചിത്രം - ദി റേ ഓഫ് ഹോപ്പ്
മികച്ച പിന്നണി ഗായിക - ശിൽപ റാവു (ഛലിയ, ജവാൻ)
മികച്ച ഗായകൻ - പ്രേമിസ്‌ത്തുന്ന (ബേബി, തെലുഗു)
മികച്ച ഛായാഗ്രഹണം - ദി കേരള സ്റ്റോറി
മികച്ച നൃത്തസംവിധാനം - റോക്കി ആന്‍ഡ് റാണിസ് ലവ് സ്റ്റോറി (ധിൻഡോര ബാജെ രേ)
മികച്ച മേക്കപ്പ് ആൻഡ് കോസ്റ്റ്യൂം ഡിസൈനർ - സാം ബഹാദൂർ
പ്രത്യേക പരാമർശം - മൃഗം (റീ-റെക്കോർഡിങ് മിക്‌സർ) – എംആർ രാധാകൃഷ്‌ണൻ
മികച്ച ശബ്‌ദ രൂപകൽപ്പന - ആനിമൽ (ഹിന്ദി)
മികച്ച ചലച്ചിത്ര നിരൂപകൻ – ഉത്പൽ ദത്ത (അസം)
മികച്ച ആക്ഷൻ സംവിധാനം – ഹനുമാൻ മൻ (തെലുഗു)
മികച്ച വരികൾ - ബൽഗാം (ദി ഗ്രൂപ്പ്) - തെലുഗു
മികച്ച ചലച്ചിത്ര നിരൂപകൻ - ഉത്പൽ ദത്ത
മികച്ച ഡോക്യുമെന്‍ററി - ഗോഡ്, വള്‍ച്ചര്‍ ആന്‍ഡ് ആനിമല്‍
മികച്ച തിരക്കഥ - സൺഫ്ലവർ വേർ ദി ഫസ്റ്റ് വൺ ടു നോ (കന്നഡ)
മികച്ച ചിത്രം - നെക്കൽ: ക്രോണിക്കിൾ ഓഫ് ദ് പാഡി മാൻ (മലയാളം), ദ് സീ ആൻഡ് സെവൻ വില്ലേജസ് (ഒറിയ)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only