റവ. ഫാദർ പൗലോസ് പൈനാടത്തിൻ്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ൽ പെരുമ്പാവൂർ നഗരസഭയിലേക്ക് മത്സരിച്ച് ചെയർമാനായി. അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന തങ്കച്ചൻ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന ഖ്യാതിയും സ്വന്തം പേരിൽ കുറിച്ചു. 1982-ലാണ് പെരുമ്പാവൂരിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്. സിപിഐഎമ്മിലെ പി ആർ ശിവനെ 6252 വോട്ടുകൾക്ക് തോൽപിച്ചു. 1987-ൽ പെരുമ്പാവൂർ നിലനിർത്തി. ജനതാപാർട്ടിയുടെ രാമൻ കർത്തയെ 7105 വോട്ടിന് പരാജയപ്പെടുത്തി.
1991-ൽ 3311 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനതാദളിൻറെ എ ദേവസ്സിയെ തോൽപിച്ച് ഹാട്രിക് വിജയം നേടി. 1996-ൽ നാലാം ജയം. ജനതാദൾ സ്ഥാനാർഥി രാമൻ കർത്തയെ 4783 വോട്ടിന് തോൽപിച്ചു. നാലു തവണ തുടർച്ചയായി വിജയത്തിൻറെ വെന്നിക്കൊടി പാറിച്ച പി പി തങ്കച്ചന് പക്ഷേ, 2001-ൽ സ്വന്തം തട്ടകത്തിൽ കാലിടറി. എൽഡിഎഫിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ൽ കുന്നത്തുനാട്ടിൽ ഒരു തവണ കൂടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ പ്രസിഡൻറായും പ്രവർത്തിച്ചു. കേരള മാർക്കറ്റ് ഫെഡിൻ്റെ ചെയർമാനായിരുന്നു
എട്ടാം നിയമസഭാ സ്പീക്കർ, എ കെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി(1995 മെയ് മൂന്ന് മുതൽ 1996 മേയ് 20 വരെ), 1996 മുതൽ 2001 വരെ പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡൻറ്, കെപിസിസി പ്രസിഡൻറ് താൽക്കാലിക ചുമതല തുടങ്ങി കേരളത്തിൻറെ ഭരണ-രാഷ്ട്രീയ രംഗത്ത് ദീർഘകാലം നിറഞ്ഞുനിന്ന പൊതുജീവിതത്തിനാണ് പൂർണ വിരാമമായിരിക്കുന്നത്.ടി വി തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
Post a Comment