ന്യൂഡൽഹി: രാജ്യത്തെ സ്പീഡ് പോസ്റ്റ് നിരക്കുകളിൽ പന്ത്രണ്ട് വർഷത്തിന് ശേഷം കേന്ദ്ര സർക്കാർ വർദ്ധനവ് വരുത്തി. ആഭ്യന്തര, അന്തർദേശീയ സ്പീഡ് പോസ്റ്റ് സേവനങ്ങൾക്കുള്ള പുതുക്കിയ നിരക്കുകൾ 2025 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രവർത്തനച്ചെലവ് വർധിച്ചതും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
പുതിയ ആഭ്യന്തര നിരക്കുകൾ
പ്രാദേശികമായി അയക്കുന്ന 50 ഗ്രാം വരെ ഭാരമുള്ള തപാലുകൾക്ക് 19 രൂപയും, 51 മുതൽ 250 ഗ്രാം വരെ 24 രൂപയും, 251 മുതൽ 500 ഗ്രാം വരെ 28 രൂപയുമാണ് പുതിയ നിരക്ക്. ദൂരപരിധി അനുസരിച്ചും നിരക്കുകളിൽ മാറ്റമുണ്ട്. 200 കിലോമീറ്റർ മുതൽ 2000 കിലോമീറ്ററിൽ കൂടുതൽ ദൂരത്തേക്ക് 50 ഗ്രാം വരെയുള്ളവയ്ക്ക് 47 രൂപ ഈടാക്കും. 51 മുതൽ 250 ഗ്രാം വരെയുള്ള തപാലുകൾക്ക് ദൂരപരിധിയനുസരിച്ച് 59 രൂപ മുതൽ 77 രൂപ വരെയും, 251 മുതൽ 500 ഗ്രാം വരെ 70 രൂപ മുതൽ 93 രൂപ വരെയുമാണ് പുതുക്കിയ നിരക്ക്. എല്ലാ നിരക്കുകൾക്കും ജിഎസ്ടിയും ബാധകമായിരിക്കും.
പുതിയ സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളും
നിരക്ക് വർധനവിനൊപ്പം ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നിരവധി പുതിയ സേവനങ്ങളും തപാൽ വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ഡെലിവറി, ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യം, ഡെലിവറി സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് വഴി അറിയിക്കൽ, തത്സമയ ഡെലിവറി അപ്‌ഡേറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, അഞ്ച് രൂപയും ജിഎസ്ടിയും അധികമായി നൽകി സ്പീഡ് പോസ്റ്റ് ഉരുപ്പടികൾക്ക് രജിസ്ട്രേഷൻ സൗകര്യവും തിരഞ്ഞെടുക്കാം. ഈ സേവനം വഴി ഉരുപ്പടികൾ സ്വീകർത്താവിനോ അല്ലെങ്കിൽ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിക്കോ മാത്രമേ കൈമാറുകയുള്ളൂ.
2012 ഒക്ടോബറിലാണ് ഇതിന് മുൻപ് സ്പീഡ് പോസ്റ്റ് നിരക്കുകളിൽ മാറ്റം വരുത്തിയത്.
Post a Comment