പാലക്കാട്: 'എൻ്റെ കുടുംബം നശിപ്പിച്ചാൽ ആരായാലും ഞാൻ തൊലയ്ക്കും.' നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘത്തോടൊപ്പം ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ എത്തിയപ്പോൾ ചെന്താമര വിളിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. 2019-ലെ സജിത വധക്കേസിൽ ചെന്താമരയെ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ടജീവപര്യന്തത്തിന് വിധിച്ചപ്പോൾ കുറ്റബോധത്തിൻ്റെ കണിക പോലും ഇയാളുടെ മുഖത്തില്ലായിരുന്നു. സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും വെട്ടിക്കൊന്ന കേസിലെ വിധിയും താമസിയാതെ പു റത്തുവരും.
സംസ്ഥാനത്ത് ഏറെ ജനശ്രദ്ധ ആകർഷിച്ച കേസുകളിലൊന്നാണ് സജിത വധക്കേസ്. തന്റെ കുടുംബജീവിതം തകർന്നതിൽ അയൽവാസി സജിതയ്ക്ക് പങ്കുണ്ടെന്ന തെറ്റിദ്ധാരണയിൽനിന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുറ്റകൃത്യവും ആസൂത്രണവും പ്രതി ഒറ്റയ്ക്കാണ് നടത്തിയത്. കടുത്ത അന്ധവിശ്വാസിയായിരുന്നു ചെന്താമര. മുടി നീട്ടി വളർത്തിയ ഒരു സ്ത്രീയാണ് തന്റെ കുടുംബപ്രശ്നങ്ങളുടെ കാരണമെന്ന് അയാൾ വിശ്വസിച്ചു. സജിതയെയും കുടുംബത്തെയും ഇയാൾ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. അത് കൊലപാതകത്തിൽ കലാശിക്കുമെന്ന് അരും കരുതിയില്ല.
2019 ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12 മണിയോടെ ചെന്താമര സജിതയുടെ വീട്ടിലെത്തി. സജിത വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു എത്തിയത്. വീടിനകത്ത് കയറിയ ഇയാൾ സജിതയെ ആഞ്ഞു വെട്ടി. കഴുത്തിൻ്റെ പിൻഭാഗത്തും തോളിലും മാരമായി പരിക്കേറ്റ സജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ എല്ലാ വിരലുകളും ചൂണ്ടിയത് ചെന്താമരയിലേക്കാണ്. പോലീസിന് പിടികൊടുക്കാതിരിക്കാൻ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്.
വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കുമ്പോഴും ചെന്താമരയുടെ പകയടങ്ങിയില്ല. സജിതയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലണമെന്ന ചിന്തയിലാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.
സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. ഈ കേസിന്റെ ശിക്ഷാവിധി വധശിക്ഷയായിക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരൻ്റെയും സജിതയുടെയും ബന്ധുക്കൾ. കൊലപാതക കേസിൽ ജയിലിൽ പോയ ആൾ ജാമ്യത്തിലിറങ്ങി വീണ്ടും കൊല ചെയ്യുന്നത് അപൂർവ്വ സംഭവമാണ്. ചെയ്ത പ്രവൃത്തിയിൽ ഒരു തരിപോലും കുറ്റബോധം ഉണ്ടായില്ലെന്നതിന്റെ ഉദാഹരണമാണ് ചെന്താമര.
Post a Comment