തിരുവമ്പാടി: തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഭാര്യ കെ. അനുഷയെ അഭിനന്ദിക്കുന്ന തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസമാണ് ചരിത്രപരമായ പാസിങ് ഔട്ട് പരേഡ് നടന്നത്. വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ച് അംഗമായാണ് അനുഷ കേരളാ പോലീസ് സേനയുടെ ഭാഗമായത്.
കേരളാ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു നിയമസഭാംഗത്തിന്റെ ജീവിത പങ്കാളി പോലീസ് കോൺസ്റ്റബിളായി സേനയുടെ ഭാഗമാകുന്നത്. പൊതുരംഗത്ത് സജീവമായ ലിന്റോ ജോസഫിന് ലഭിക്കുന്ന അതേ പിന്തുണയും അഭിനന്ദനവുമാണ് അനുഷയുടെ ഈ നേട്ടത്തിനും ലഭിക്കുന്നത്.
പാസിങ് ഔട്ട് പരേഡിന് ശേഷം പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഭാര്യയെ അഭിമാനത്തോടെ ചേർത്തുപിടിച്ച് അഭിനന്ദിക്കുന്ന എംഎൽഎയുടെ ചിത്രം ഇതിനോടകം തന്നെ നിരവധിപേർ ഏറ്റെടുത്തു കഴിഞ്ഞു. ജനസേവനത്തിന്റെ മറ്റൊരു വാതിൽ തുറക്കുകയാണ് അനുഷയുടെ ഈ ദൗത്യമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
"എന്റെ അനു പോലീസായി..!! 😍അവളുടെ കഠിനാധ്വാനത്തിന്റെ ഫലം.ആശംസകൾ ഡിയർ ❤️" - എംഎൽഎ ലിന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളാ പോലീസിന്റെ ഭാഗമായ കെ. അനുഷയ്ക്ക് പൊതുസമൂഹത്തിന്റെ നാനാതുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
Post a Comment