Oct 26, 2025

നോവായി ബിജു; അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു


ഇടുക്കി : അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവിൻ്റെ മരണം സ്ഥിരീകരിച്ചു. ലക്ഷംവീട് നിവാസിയായ ബിജുവാണ് മരിച്ചത്. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 4.50 ഓടെയാണ് ബിജുവിനെ പുറത്തെത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ബിജുവിൻ്റെ ഭാര്യ സന്ധ്യയെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. സന്ധ്യയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് സന്ധ്യയെ പുറത്തെത്തിച്ചത്. സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

അടിമാലി ലക്ഷംവീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി 10.20ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടില്‍ എത്തിപ്പോഴായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി. ഇതിനിടെ വീടിന് അകത്തുനിന്ന് ദമ്പതികളുടെ നിലവിളി കേള്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും അഗ്നിശമനസേനയുമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ പൊതുപ്രവർത്തകരും സ്ഥലത്തെത്തി. സന്ധ്യയെ പൊതുപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് പൊലീസിൻ്റെ നിർദേശപ്രകാരം ജെസിബിയും സ്ഥലത്തെത്തിച്ചു. ജെസിബി ഉപയോഗിച്ച് ആദ്യം മണ്ണ് നീക്കം ചെയ്യുകയാണ് ചെയ്തത്. പിന്നാലെ കോണ്‍ക്രീറ്റ് പാളികളും മാറ്റി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചു. ചുറ്റിക ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പാളികള്‍ സാവകാശം പൊട്ടിച്ചു. ഇതിനിടെ സന്ധ്യ അസ്വസ്ഥത പ്രകടിപ്പിക്കുകയും വെള്ളം നല്‍കുകയും ചെയ്തു. ഓക്‌സിജന്റെ ലഭ്യത കുറഞ്ഞതോടെ അതിനുള്ള സൗകര്യവും ഒരുക്കി. ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകും മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എഡിഎം അടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു. 3.27 ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only