Nov 16, 2025

പാർട്ടിക്ക് അയക്കൂറയും ചിക്കനും കിട്ടിയില്ല; ബാലുശ്ശേരിയിൽ ഹോട്ടൽ അടിച്ചു തകർത്തു, ജീവനക്കാർക്ക് പരുക്ക്


ബാലുശ്ശേരി : പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടാത്തതിൽ പ്രകോപിതരായി പാർട്ടിയ്ക്ക് എത്തിയവർ ഹോട്ടൽ അടിച്ചു തകർത്തു. നന്മണ്ട പതിനാലിലെ ഫോർട്ടിൻസ് ഹോട്ടലിലാണ് സംഭവം. അയക്കൂറയും ചിക്കനും തരാൻ പാർട്ടി സംഘടിപ്പിച്ചവർ നിർദേശം നൽകിയിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതിൽ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകർക്കുകയായിരുന്നു. ജീവനക്കാരെയും മര്‍ദിച്ചു.  

വ്യക്തിപരമായ ആഘോഷത്തിന്റെ ഭാഗമായി ഹോട്ടലില്‍ 40 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കിൽ മീന്‍കറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു വിഭവങ്ങള്‍. ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറയും ചിക്കനും ആവശ്യപ്പെട്ടത്. 

അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് ആവശ്യപ്പെട്ട വിഭവങ്ങൾ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുക യുമായിരുന്നു. സംഘര്‍ഷമുണ്ടാക്കിയ സംഘം ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചു. പരുക്കേറ്റ 10 ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ പൊലീസിനു നേരെയും സംഘം തട്ടിക്കയറി. നാലുപേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only