Dec 4, 2025

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകിയതെങ്കിൽ പണി കിട്ടും; മോട്ടോർവാഹന വകുപ്പിനെ പറ്റിക്കാൻ ശ്രമിച്ചാൽ വണ്ടി പിന്നെ നിരത്തിലിറക്കാൻ കഴിയില്ല


തിരുവനന്തപുരം: വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. ഈ വാ​ഹനങ്ങളുടെ ഉടമകൾക്ക് ഇതിനകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നേടുന്നതെന്ന് കണ്ടെത്തിയതോടെയാണ് വൻ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വാഹനവിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക പരിശോധനയും സജ്ജീകരണങ്ങളും നടപ്പിലാക്കി. കേരള നമ്പർ ഉള്ള വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ പുക പരിശോധന നടത്തുകയാണെങ്കിൽ വിവരം ഉടൻ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു.

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ കത്ത് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ പുകപരിശോധനാ കേന്ദ്രങ്ങളിലാണ് വലിയ തോതിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പുക പരിശോധനാ രേഖകൾ സൃഷ്ടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ പുകപരിശോധനാ കേന്ദ്രങ്ങളിൽ വാഹനപരിശോധനയ്ക്കായി വാഹനം കൊണ്ടുവരേണ്ടതില്ല. പകരം വാഹനത്തിന്റെ ചിത്രം മൊബൈലിൽ പകർത്തി കേന്ദ്രത്തിലേക്ക് അയച്ചാൽ മതി. ചിത്രം ഉപയോഗിച്ച് അവിടെ പരിശോധന നടന്നതായി കാണിച്ച് സർട്ടിഫിക്കറ്റ് സൃഷ്ടിക്കുകയാണ് ചെയ്തിരുന്നതെന്ന് ജില്ലാ മോട്ടോർവാഹന വകുപ്പിന്റെ കണ്ടെത്തൽ.

പുക പരിശോധന പൂർത്തിയാക്കാൻ ഉടമയുടെ ആധാർ-ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നിർബന്ധമാക്കിയിട്ടും, രേഖകളിൽ മൊബൈൽ നമ്പർ പുതുക്കാത്തവരാണ് വ്യാജ സർട്ടിഫിക്കറ്റുകൾ തേടിയത്. സംസ്ഥാനത്തെ ചില പുക പരിശോധനാ കേന്ദ്രങ്ങൾക്കും ' ഇക്കാര്യത്തിൽ ഇടനിലക്കാരന്റെ വേഷമിട്ടതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ കൂടുതൽ നടപടികൾ വരാനിരിക്കുന്നുവെന്നാണ് വിഭാഗത്തിന്റെ സൂചന. പുക പരിശോധനാ ക്രമക്കേടുകൾ പൂർണമായും ഇല്ലാതാക്കാൻ സംസ്ഥാനതലത്തിൽ ശക്തമായ നിരീക്ഷണ സംവിധാനവും രൂപീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only