തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുകയാണോ? എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്നറിയാമോ… അതല്ല, നിങ്ങൾക്കെത്ര വോട്ടുണ്ട്? ചോദ്യം കേട്ട് കൺഫ്യൂഷനാവേണ്ട പറഞ്ഞുതരാം.നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ടവരാണെങ്കിൽ നിങ്ങൾക്ക് ഒരു വോട്ട് മാത്രമേ ഉണ്ടാവൂ. പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താം. ഇനി നിങ്ങൾ ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ട് ചെയ്യണം. ഒന്ന് ഗ്രാമപഞ്ചായത്ത് വാർഡിലേക്ക്.. രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്ക്… മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡിലേക്ക്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. ഓരോന്നും ഓരോ നിറത്തിലായിരിക്കും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് യൂണിറ്റിൽ വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഇതനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.
ഇതനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.__മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോടും താത്പര്യമില്ലെങ്കിൽ നോട്ട തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നവരോടാണ്, തദ്ദേശ തിരഞ്ഞെടുപ്പിൽ ‘നോട്ട’ എന്ന ഓപ്ഷൻ ഇല്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താത്പര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്താം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിൻ്റെ അവസാനമാണ് ‘എൻഡ് ബട്ടൺ’ ഉള്ളത്. ഇഷ്ടമുള്ള ഒരു സ്ഥാനാർഥിക്കുമാത്രം വോട്ടുചെയ്തശേഷം ‘എൻഡ് ബട്ടൺ’ അമർത്തുകയും ചെയ്യാം. അതായത് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിക്കുമാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർഥികളെ ഒഴിവാക്കി എൻഡ് ബട്ടൺ അമർത്തി മടങ്ങാം. അതേസമയം മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ബാലറ്റിൽ എൻഡ് ബട്ടണില്ല.__ഇനി വോട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം. പോളിങ് ബൂത്തിലേക്ക് കടന്നാൽ പോളിങ് ഉദ്യോഗസ്ഥൻ നമ്മുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥനാണ് നമ്മുടെ കൈവിരലിൽ മഷി പുരട്ടുന്നത്. ശേഷം വോട്ട് രജിസ്റ്ററിൽ
ഒപ്പുവെപ്പിക്കുകയും വോട്ട് ചെയ്യാനുള്ള സ്ലിപ് നൽകുകയും ചെയ്യും. ഇനി നേരെ വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന്റെ അടുത്തേക്കാണ്. സ്ലിപ് കൈമാറുമ്പോൾ പ്രസ്തുത ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിലെ ബാലറ്റ് മെഷിൻ അമർത്തുകയും വോട്ടിങ് മെഷിൻ സജ്ജമാക്കുകയും ചെയ്യും. ഇനി വോടിങ് കംപാർട്ട്മെന്റിലേക്ക് കടന്ന് വോട്ട് രേഖപ്പെടുത്താം. സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തുകയാണ് ചെയ്യേണ്ടത്. ഇത് ചെയ്താൽ സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ബിപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫീസറോട് ചോദിക്കാം.
Post a Comment