ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാർക്ക് നൽകുന്ന സ്വകാര്യ ബിൽ ലോക്‌സഭയിൽ. എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയാണ് 'റൈറ്റ് ടു ഡിസ്‌കണക്ട്' (Right to Disconnect) ബിൽ അവതരിപ്പിച്ചത്.
നിശ്ചിത ജോലി സമയത്തിന് ശേഷമോ, അവധി ദിവസങ്ങളിലോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറുപടി നൽകാൻ ജീവനക്കാർ ബാധ്യസ്ഥരല്ല എന്നതാണ് ബില്ലിലെ പ്രധാന നിർദ്ദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്, അവിടുത്തെ ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ ഒരു ശതമാനം പിഴ ചുമത്താനും ബിൽ ശുപാർശ ചെയ്യുന്നു.
ജോലി സമയത്തിന് ശേഷവും ഔദ്യോഗിക കാര്യങ്ങൾക്കായി ജീവനക്കാരെ ബന്ധപ്പെടുന്നത് അവർക്ക് ഉറക്കക്കുറവും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ബിൽ അവതരിപ്പിച്ചത്.
Post a Comment