കോടഞ്ചേരി : നാല് ദിവസങ്ങളിലായി കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് വിജയകരമായി സമാപിച്ചു. 55 പോയിന്റ് നേടി പുരുഷന്മാരുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല ഓവർഓൾ ചാമ്പ്യന്മാരായി. 50 പോയിന്റോടെ കൊല്ലം ജില്ല രണ്ടാം സ്ഥാനവും 49 പോയിന്റോടെ ആതിദേയരായ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.
വനിതകളുടെ മത്സരത്തിൽ കൊല്ലം ടീമിനെ 4-6ന് പരാജയപ്പെടുത്തി കോഴിക്കോട് വനിതകൾ ചാമ്പ്യന്മാരായി. 50 വയസ്സിന് മുകളിലുള്ള വിഭാഗത്തിനും കൊല്ലം ടീമിന് 7 -3 പരാജയപ്പെടുത്തി കോഴിക്കോട് ടീം ചാമ്പ്യന്മാരായി. 45 വയസ്സിന് മുകളിലുള്ള വിവാഹത്തിലെ ബെസ്റ്റ് പ്ലെയർ അവാർഡ് കോഴിക്കോട് ടീം അംഗമായ ഷീബ ജോസഫിനും,50 വയസ്സിനു മുകളിൽ ഉള്ള വിഭാഗത്തിലെ ബെസ്റ്റ് പ്ലെയർ പുരസ്കാരം ഉഷ നന്ദിനിയും കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫികൾ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോർജ് ബി. വർഗീസ് വിതരണം ചെയ്തു. ചടങ്ങിൽ ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റോബർട്ട് അറക്കൽ അധ്യക്ഷത വഹിച്ചു. ഷീബ കുന്നത്ത് , സനിമോൻ തോമസ്, സന്തോഷ് സെബാസ്റ്റ്യൻ, സിജി എൻ. എം., ബിജു ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി ഏകദേശം 450 കളിക്കാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. പുരുഷ-വനിതാ വിഭാഗങ്ങളിലായി 13 ക്യാറ്റഗറികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
Post a Comment