Dec 22, 2025

വാളയാർ ആൾക്കൂട്ട കൊലപാതകം: അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ തകർന്നു, ദേഹമാസകലം മർദനമേറ്റു: രാംനാരായണൻ നേരിട്ടത് ക്രൂര പീഡ‍നം


വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്‌. രാംനാരായണന്റെ തലക്കുൾപ്പെടെ ദേഹമാസകലം മർദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ അടക്കം തകർന്നു. രാംനാരായണൻ നേരിട്ടത് പറഞ്ഞറിയിക്കാൻ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.


വടികൊണ്ട് ശരീരത്തിൽ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർധനത്തിന്റെ ആഘാതത്തിൽ മസിലുകൾ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകൾ പൊട്ടിയൊഴുകിയ ചോര ചർമ്മത്തിൽ പടർന്നു പിടിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും കേസിൽ നിർണായകമാകും.

അതിക്രൂര മർദ്ദനമാണ് രാംനാരായണൻ നേരിട്ടത് എന്ന് സാക്ഷ്യപ്പെടുത്തുന്നത് ആയിരുന്നു ഇന്നലെ പുറത്തുവന്ന പോലീസ് സർജന്റെ വെളിപ്പെടുത്തൽ. നിലവിൽ അറസ്റ്റിലായ അഞ്ചു പ്രതികൾക്ക് പുറമെ കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മർദ്ദിച്ചവരിൽ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി, വിപിൻ എന്നിവർ ബിജെപി അനുഭാവികളാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. നാലാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനാണ്.

കേസിൽ SC/ST പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തും. പ്രതികൾ വടി ഉപയോഗിച്ച് മുതുകിലും തലയിലും ക്രൂരമായി മർദ്ദിച്ചെന്ന പരാമർശിക്കുന്ന റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നു. പ്രതികൾക്കെതിരെ കർശന നടപടിയെന്നും പരിഷ്കൃത സമൂഹത്തിന്റെ യശസിന് കളങ്കം ഉണ്ടാക്കുന്ന സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only