പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും കണ്ടെത്താനായി സർക്കാർ നടത്തുന്ന മത്സരം നിയമവിരുദ്ധമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. ചട്ടലംഘനം ചൂണ്ടിക്കാട്ടി പരസ്യം ഉടൻ പിൻവലിക്കണമെന്നും ഈ വിഷയത്തിൽ എക്സൈസ് മന്ത്രി മറുപടി പറയണമെന്നും സമിതി ആവശ്യപ്പെട്ടു.
മദ്യത്തിന് പരസ്യം നൽകുന്നത് നിയമപരമായി നിരോധിച്ചിരിക്കെ, പൊതുജനങ്ങളിൽ നിന്ന് പേര് ക്ഷണിക്കുന്നത് നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ബെവ്‌കോ നടത്തിയത് പരോക്ഷമായ മദ്യപ്രചാരണമാണെന്നും ഇത് കുട്ടികളടക്കമുള്ളവരിലേക്ക് തെറ്റായ സന്ദേശം എത്തിക്കുമെന്നും സമിതി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് സർക്കാർ മദ്യലോബികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും ഇതിന്റെ ഭാഗമാണെന്ന് സമിതി വിമർശിച്ചു.
പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ ഉൽപ്പാദിപ്പിക്കാൻ പോകുന്ന ബ്രാൻഡിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമാണ് ബെവ്‌കോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി ഏഴിനകം ഇമെയിൽ വഴി നിർദേശങ്ങൾ സമർപ്പിക്കാനായിരുന്നു ബെവ്‌കോ മാനേജിംഗ് ഡയറക്ടറുടെ അറിയിപ്പ്.
“ലഹരി വിരുദ്ധത പറയുന്ന സർക്കാർ തന്നെ മദ്യത്തിന് പേര് കണ്ടെത്താൻ മത്സരം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ നടപടിയിൽ നിന്ന് പിന്നോട്ട് പോകുന്നത് വരെ പ്രതിഷേധം തുടരും.” കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അറിയിച്ചു.
Post a Comment