Jan 24, 2026

ഡ്രൈവിംഗില്‍ ഇനി കളി വേണ്ട! ഒരു വര്‍ഷം 5 ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് തെറിക്കും; പിഴയടയ്ക്കാന്‍ 45 ദിവസത്തെ സാവകാശം മാത്രം; വാഹനം കസ്റ്റഡിയിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം; കുറ്റം ചെയ്തിട്ടില്ലെന്ന് ഇനി ഉടമ തെളിയിക്കണം; മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി കേന്ദ്രം


തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം വാഹന ചലാന്‍ നടപടികള്‍ അതീവ കര്‍ശനമാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോ അതിലധികമോ ചലാനുകള്‍ ലഭിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും എന്നതാണ് പുതിയ നിയമങ്ങളിലെ പ്രധാന വ്യവസ്ഥ. കൂടാതെ, ചലാന്‍ ലഭിച്ചു കഴിഞ്ഞാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ നിബന്ധനകള്‍ പ്രകാരം, ചലാനുകള്‍ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. നികുതി അടയ്ക്കുന്നത് ഒഴികെയുള്ള ഒരു സേവനവും പരിവാഹന്‍ വെബ്സൈറ്റിലൂടെ ഇത്തരം വാഹനങ്ങള്‍ക്ക് ലഭ്യമല്ല. വിലാസം മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ ക്ലാസ് മാറ്റല്‍, പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇതോടെ തടയപ്പെടും. കുടിശ്ശികയുള്ള ചലാനുകള്‍ അടച്ചു തീര്‍ക്കുന്നത് വരെ നിയമലംഘനം നടത്തിയ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആര്‍.സി. ഉടമയ്ക്കെതിരെയായിരിക്കും എല്ലാ നിയമനടപടികളും സ്വീകരിക്കുക. മറ്റൊരാളാണ് വാഹനം ഓടിച്ചിരുന്നതെങ്കില്‍, അത് തെളിയിക്കേണ്ട ഉത്തരവാദിത്തം ഉടമയ്ക്കായിരിക്കും. ചലാനെതിരെ പരാതിയുണ്ടെങ്കില്‍ വാഹന ഉടമയ്ക്ക് കോടതിയെ സമീപിക്കാം. മുന്‍പ് മോട്ടര്‍ വാഹന വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നതെങ്കില്‍, പുതിയ മാറ്റം അനുസരിച്ച് ഉടമ തന്നെ നേരിട്ട് പരാതി നല്‍കണം. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇനി മുതല്‍ പൂര്‍ണ്ണമായും വാഹന ഉടമയ്ക്കായിരിക്കും. പിഴ കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് വകുപ്പിന്റെ തീരുമാനം


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only