Jan 12, 2026

തടവുകാരുടെ കൂലി കുത്തനെ കൂട്ടി; സ്‌കില്‍ഡ് ജോലിക്ക് 620 രൂപ ; പത്ത് മടങ്ങോളം വര്‍ധിപ്പിച്ച്‌ സർക്കാർ


തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്.

സ്‌കില്‍ഡ് ജോലികളില്‍ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക.

മുൻപ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.

ശിക്ഷാതടവുകാർക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെൻട്രല്‍ ജയിലുകളിലെ തടവുകാർക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍ പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്.

ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കർണാടക, ജാർഖണ്ഡ്, തമിഴ്‌നാട്, ഡല്‍ഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.

ജയില്‍ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവില്‍ പറയുന്നു. വിവിധ ഉല്‍പാദന - നിർമാണ പ്രവർത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീൻ ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only