കോഴിക്കോട്: ഗോവിന്ദപുരം സ്വദേശിയായ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷിംജിത മുസ്തഫ ബസിൽവെച്ച് ഏഴു വീഡിയോകൾ ചിത്രീകരിച്ചിരുന്നതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വീഡിയോ കണ്ട് മാനഹാനി നേരിട്ട് ദീപക്ക് ആത്മഹത്യ ചെയ്തേക്കാമെന്ന വ്യക്തമായ അറിവോടെയും ബോധത്തോടെയുമാണ് പ്രതി വീഡിയോ ചിത്രീകരിച്ചത്. അതിക്രമം നേരിട്ടെങ്കിൽ പരാതി നൽകണമെന്ന അറിവുണ്ടായിട്ടും പ്രതി പോലീസിൽ പരാതി നൽകിയില്ല. സംഭവം വിവാദമായപ്പോൾ പ്രതി വീഡിയോകൾ നീക്കംചെയ്തെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ദീപക്കിനെ അസ്വീകാര്യമായരീതിയിൽ ഉൾപ്പെടുത്തി ഏഴോളം വീഡിയോകളാണ് പ്രതി ഫോണിൽ ചിത്രീകരിച്ചത്. യുവാവിനെ ആത്മഹത്യചെയ്യാൻ പ്രേരിപ്പിക്കുന്നവിധത്തിൽ ഇത് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ദീപക്കിനെ ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ച പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് അസ്വാഭാവികമായി ഒന്നും നടന്നതായി കണ്ടെത്തിയിട്ടില്ല. ദീപക്കും യുവതിയും ബസിൽനിന്ന് സ്വാഭാവികമായി ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ബസിൽവെച്ച് പീഡനശ്രമം നടന്നതായോ മറ്റോ ബസ്
ജീവനക്കാരും മൊഴി നൽകിയിട്ടില്ല.
ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടും. മറ്റുള്ള സ്ത്രീകളും ഇത്തരം പ്രവൃത്തികളിലേർപ്പെട്ട് കൂടുതൽ ആത്മഹത്യകളുണ്ടാകും. സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പ്രതി കേസിന്റെ തുടർനടപടികൾക്ക് ഹാജരാകാതെ തടസ്സംസൃഷ്ടിക്കുമെന്നും അതിനാൽ റിമാൻഡിൽ പാർപ്പിക്കണമെന്നുമാണ് പോലീസിന്റെ റിപ്പോർട്ടിലുള്ളത്.
പ്രതിയായ ഷിംജിത ഫോണിൽനിന്ന് നീക്കംചെയ്ത ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനുണ്ട്. ഫോൺ വിദഗ്ധപരിശോധന നടത്തണം. സംഭവസമയത്തെ സാക്ഷികളുടെ മൊഴിയടക്കം രേഖപ്പെടുത്താനുണ്ടെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ദീപക്ക് ജീവനൊടുക്കിയ കേസിൽ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശിനി ഷിംജിത മുസ്തഫയെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
Post a Comment