Jan 27, 2026

ദീപിക്കിന്റെ മരണം; ഷിംജിത ജയിലിൽ തുടരും, ജാമ്യാപേക്ഷ തളളി കോടതി


കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്‌ത കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പ്രതി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങളില്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. തുടർന്ന് കുന്ദംമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിട്ടുള്ളത്.

അസിസ്റ്റന്റ് പ്രൊഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഷിംജിതയും ദീപക്കും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. ഷിംജിത വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റ് അധികാരപ്പെട്ട നിയമ കേന്ദ്രങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയതായും കാണുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പ‌ർശിച്ചെന്നും കാട്ടി ഷിംജിത വടകര പൊലീസിൽ പരാതി നൽകിയിരുന്നു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only