കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് പൊലീസ്. കക്കോടി പാലത്ത് ഉൗട്ടുകുളം തച്ചൻ വയലിൽ സൂര്യ(26)യുടെ മരണമാണ് എലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ സൂര്യയുടെ സഹോദരീ ഭർത്താവ് വൈശാഖ(35)നെ അറസ്റ്റുചെയ്തു.
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് സൂര്യയെ വൈശാഖ് വിളിച്ചുവരുത്തുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി നിർബന്ധിച്ചതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായത്. വിവാഹം കഴിക്കാനാകില്ലെന്നും ഒരുമിച്ച് മരിക്കാമെന്നും വൈശാഖൻ സൂര്യയെ വിശ്വസിപ്പിച്ചു.
തുടർന്ന് ശനിയാഴ്ച മോരിക്കരയിലുള്ള ഐഡിയൽ ഇൻഡസ്ട്രിയലിൽ ഇരുവരും എത്തി. പിന്നീട് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകി. രണ്ട് കയറിൽ കുരുക്കിട്ട വൈശാഖൻ അതിലൊന്ന് യുവതിയുടെ കഴുത്തിലിട്ടു. തുടർന്ന് സൂര്യ കയറി നിന്ന സ്റ്റൂൾ തന്ത്രത്തിൽ തട്ടിമാറ്റി. തൂങ്ങിനിൽക്കുമ്പോഴും കയർ അറുത്ത് താഴെ കിടത്തിയശേഷവും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.
ബന്ധുക്കളെ വിളിച്ച് സൂര്യ ആത്മഹത്യ ചെയ്തതായി വിശ്വസിപ്പിച്ചതും വൈശാഖാണ്. ആശുപത്രിയിലെത്തിച്ചശേഷം തിരികെയെത്തി സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചതോടെ ഇത് പാളി. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
യുവാവിനെതിരെ കൊലപാതകത്തിന് പുറമെ പോക്സോ കേസും ചുമത്തി. യുവതിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് തന്നെ ശാരീരിക ബന്ധത്തിലേർപ്പെട്ടതിനാലാണ് പോക്‌സോ ചുമത്തിയതത്. പ്രതി ലൈംഗിക വൈകൃതമുള്ളയാളാണെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി ഡയറിയിൽ കുറിച്ചതായി പൊലീസ് പറഞ്ഞു.
സിഐ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐമാരായ സഹദ്, വി ടി ഹരീഷ് കുമാർ, ബിജു, പ്രേജുകുമാർ, എഎസ്ഐ ബിജു, എസ്‌സിപിഒ പ്രശാന്ത്, രൂപേഷ്, നിഗിലേഷ്, വൈശാഖ് മധുസൂധനൻ, സ്നേഹ എന്നിവരും അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment