Jan 12, 2026

ആദ്യ ഭരണ സമിതി യോഗത്തിൽ തന്നെ ജനകീയ തീരുമാനങ്ങളെടുത്ത് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി


മുക്കം: ആദ്യ ഭരണ സമിതി യോഗത്തിൽ തന്നെ ജനകീയ തീരുമാനങ്ങളെടുത്ത് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജനകീയവും ജനോപകാരപ്രദവുമായ നിരവധി തീരുമാനങ്ങൾ എടുത്തത്.
നേരത്തെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരെ തദ്ദേശ ജനപ്രതിനിധികൾ പ്രവർത്തനം പഠിക്കാനായി എത്തിയ പകൽ വീട് ലെജൻ്റ്സ് ക്ലബ് പുനരാരംഭിക്കുവാനും നോർത്ത് കാരശ്ശേരി മാടാംപുറത്ത് മാസങ്ങളായി അടഞ്ഞ് കിടക്കുന്ന ടേക്ക് എ ബ്രെയ്ക്ക് വഴിയോര വിശ്രമകേന്ദ്രം പ്രവർത്തനമാരംഭിക്കുവാനും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി എം.സി.എഫ് പ്രവർത്തനം കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു. അശാസ്ത്രീയമായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ടർഫിൻ്റെ നിർമ്മാണത്തിലെ പോരായ്മകൾ പരിഹരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കും.ബഡ്സ് സ്കൂൾ പ്രവർത്തനം കാര്യക്ഷമമാക്കും.തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ്, ഫാർമസി എന്നിവയിൽ ട്രെയ്നീസിനെ നിയമിച്ച് പ്രവർത്തനം കാര്യക്ഷമമാക്കും. 2025-2026 വർഷത്തെ പദ്ധതി പൂർത്തിയാക്കാൻ ഇനി രണ്ടര മാസം മാത്രമേ ഉള്ളൂ എന്നിരിക്കേ നിലവിൽ പദ്ധതി പ്രവർത്തനം 33 ശതമാനം മാത്രമാണ് പൂർത്തിയായത്. മാർച്ച് 31നകം നൂറ് ശതമാനം പദ്ധതി പൂർത്തിയാക്കാനാവശ്യമായ നടപടികൾ  സ്വീകരിക്കും.മലയോര മേഖലയിലെ നിരവധി പേർക്ക് ഉപകാരപ്രദമാവുന്ന ഓടത്തെരുവിലെ ഗ്യാസ് ശ്മശാനത്തിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് ജനങ്ങൾക്കായി സമർപ്പിക്കും. പഞ്ചായത്തിലെ കായിക രംഗത്ത് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ രണ്ടാം വാർഡിലെ മുണ്ടിത്തോട് മിച്ചഭൂമിയിലെ പകുതി സ്ഥലം കളിസ്ഥലം നിർമ്മിക്കാനായി വിട്ടു നൽകാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചതിനൊപ്പം പദ്ധതികളെല്ലാം സുഗമമായി നടപ്പാക്കാൻ വി.മോയി അധ്യക്ഷനായി ആസൂത്രണ സമിതി പുനസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ സവാദ് ഇബ്രാഹീം, അബ്ദുൽ ഹാരിഫ്, ജിപ്സ ജോബിൻ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only