കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) പ്രഭാ–2025 -26 പരിപാടിയുടെ ഭാഗമായി കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ കൈമാറി.
രണ്ടാംവർഷ എൻഎസ്എസ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്റെ ഭാഗമായി സ്കൂളിൽ എത്തിയ എൻഎസ്എസ് തിരൂരങ്ങാടി ക്ലസ്റ്റർ കോർഡിനേറ്റർ യാസർ പൂവിൽ, തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ് ടി. എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് റൂബി മാർക്കോസ്, ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ്, മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എ.എസ്.ഐ., സ്കൂൾ പ്രിൻസിപ്പൽ, എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്സ് എന്നിവർ ചേർന്ന് കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് ജോസ്, ബാബു എന്നിവർക്ക് വീൽചെയർ കൈമാറി.
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി എൻഎസ്എസ് വിദ്യാർഥികൾ നടത്തിയ തട്ടുകടയിലൂടെയും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തതിലൂടെയും സമാഹരിച്ച തുക ഉപയോഗിച്ചാണ് വീൽചെയർ വാങ്ങി നൽകിയത്.
സമൂഹത്തിലെ അവശരും രോഗബാധിതരുമായ നിരാലംബർക്കായി പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയായി വിദ്യാർഥികൾ ചെറുതായെങ്കിലും ധനസഹായം ഓരോ മാസവും സമാഹരിച്ച് നൽകുന്നു. എൻ എസ് എസ് വിദ്യാർത്ഥികളുടെ മാതൃക പരമായ പ്രവർത്തനത്തെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., അധ്യാപകർ, വിദ്യാർഥി വോളണ്ടിയേഴ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment