Jan 9, 2026

വയനാട് തുരങ്കപാത: മലതുരക്കാന്‍ വമ്പന്‍ യന്ത്രങ്ങളെത്തി; നിര്‍മാണം ഈ മാസം അവസാനം തുടങ്ങും


കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകള്‍ പദ്ധതി പ്രദേശമായ മറിപ്പുഴയില്‍ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം നിര്‍മിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണ്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ തുരക്കാന്‍ കഴിയു. നിലവില്‍ 12 മണിക്കൂര്‍ വീതമാണ് ജോലികള്‍ നടക്കുന്നത്. എന്നാല്‍ തുരങ്ക നിര്‍മാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി തുടരും. പദ്ധതി പ്രദേശത്ത് തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. പാറ പൊട്ടിക്കുന്ന ക്രഷര്‍ യൂണിറ്റ് ഉടനെ സജ്ജമാക്കും. കുണ്ടന്‍തോടില്‍ കരാര്‍ കമ്പനി പാട്ടത്തിനെടുത്ത 28 ഏക്കര്‍ സ്ഥലത്താണ് ഇവ ക്രമീകരിക്കുന്നത്. ലേബര്‍ ക്യാംപ്, ഓഫിസ് കാബിന്‍, വര്‍ക്ക് ഷോപ്പ്, ക്രഷര്‍ യൂണിറ്റ് എന്നിവയുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാകും. മറിപ്പുഴയ്ക്കു കുറുകെ താല്‍ക്കാലിക നാല് വരി ആര്‍ച്ച് സ്റ്റീല്‍ പാലത്തിന്റെ നിര്‍മാണവും ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ കരാര്‍ എടുത്തത് പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. പാലത്തിന്റെ നാല് പില്ലറുകളുടെ നിര്‍മാണമാണ് പുഴയില്‍ ആരംഭിച്ചത്. മുത്തപ്പന്‍പുഴയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 14 ഏക്കര്‍ സ്ഥലം നിരപ്പാക്കി. ഇവിടെയാണ് തുരങ്കത്തില്‍ നിന്ന് പുറത്ത് എടുക്കുന്ന കല്ലുകള്‍ നിക്ഷേപിക്കുന്നത്. പദ്ധതിക്കെതിരെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹരജി 2025 ഡിസംബര്‍ 16-ന് കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ നിയമപരമായ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only