Feb 19, 2026

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: കാരണം കണ്ടെത്താനായില്ല; 50 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

കോഴിക്കോട് : പാളയത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി സിൽക്സിൽ ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പൊലീസ് എഫ്ഐആർ. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് ടൗൺ പൊലീസ് ഷോറൂം മാനേജറുടെ മൊഴിപ്രകാരമാണ് 50 കോടി രൂപയുടെ നഷ്ടം കണക്കാക്കി എഫ്ഐആർ ഫയൽ ചെയ്തത്. ഷോറൂം മാനേജർ കെ.അജേഷ് നൽകിയ പരാതിയിലാണ് ടൗൺ പൊലീസ് കേസ് എടുത്തത്.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച സ്ഥലപരിശോധന നടത്തിയെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായില്ല. രണ്ടാം നിലയിലാണ് തീപടർന്നതെന്നും കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവർത്തിച്ചതായും ഫയർഫോഴ്സ് പ്രാഥമിക റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഫയർ റസിസ്റ്റ് ഓട്ടമാറ്റിക് സ്പ്രിങ്ഗ്ലറുകൾ പ്രവർത്തിച്ചു.

എന്നാൽ തുണിത്തരങ്ങളിലും മറ്റു തീ പടർന്നു പിടിച്ചതോടെ അത് രണ്ടും മൂന്നും നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ജില്ലാ ഫയർ ഓഫിസറുടെ റിപ്പോർട്ട് ഇന്ന് ജില്ല കലക്ടർക്ക് കൈമാറും.

ഫയർ ഫോഴ്സിന്റെ അഞ്ച് യൂണിറ്റ് എത്തിയാണ് തീയണയ്ക്കുന്ന നടപടികൾക്ക് തുടക്കമിട്ടതെങ്കിലും പിന്നാലെ ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്ന് 18 ഫയർ യൂണിറ്റുകളും കരിപ്പൂർ എയർപോർട്ടിലെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് യൂണിറ്റും എത്തിച്ചതോടെയാണ് രാത്രി പത്തുമണിയോടെ തീ നിയന്ത്രണ വിധേയമാക്കാൻ ആയത്. 

റംസാൻ – ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തതിനിടെയാണ് തീപിടിത്തം ഉണ്ടായത്. 2023 ഏപ്രിലിലും ഇതേ ഷോറൂമിൽ തീപിടിത്തം ഉണ്ടായിരുന്നു.

ചൊവ്വാഴ്ചത്തെ തീപിടിത്തം സംബന്ധിച്ച് ജില്ലാ ഫയർ ഓഫിസും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും കോർപറേഷനും വ്യത്യസ്ത അന്വേഷണമാണ് നടത്തുന്നത്. ഷോർട് സക്കീറ്റാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥാപനത്തിൽ ഭക്ഷണം പാകം ചെയ്യുന്നില്ലെങ്കിലും ചായ ഉണ്ടാക്കുന്ന അടുക്കളയുണ്ട്. 

ഇവിടെ നിന്നാണോ തീപടർന്നതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ അടുക്കളയിൽ ഉണ്ടായിരുന്ന 13 ഗ്യാസ് സിലിണ്ടറുകൾ സമയോചിതമായി തീപിടിത്തത്തിന്റെ തുടക്കത്തിൽ തന്നെ മാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്. 156 ൽ ഏറെ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തു വന്നത്. ഷോറൂം നവീകരണം പൂർത്തിയാകും വരെ ഇവരെ മറ്റു നഗരങ്ങളിലെ ഷോറൂമുകളിലേക്ക് നിയോഗിക്കാനാണ് മാനേജ്മെന്റ് ഒരുങ്ങുന്നത്.

അതേസമയം, നഗരത്തിനുള്ളിൽ നിലവിൽ ഒരു ഫയർ സ്റ്റേഷൻ പോലുമില്ലാത്ത സാഹചര്യം വലിയ തീപിടിത്തവും മറ്റും ഉണ്ടാകുമ്പോൾ ചെറുക്കുന്നതിന് കാലതാമസം വരുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി ആക്ഷേപം ഉണ്ട്. വെള്ളിമാടുകുന്നും മീഞ്ചന്തയുമാണ് നഗരത്തോട് ചേർന്നുള്ള സ്റ്റേഷനുകൾ. 

ബീച്ചിൽ ഫയർ സ്റ്റേഷൻ ഉണ്ടെങ്കിലും നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷൻ പൊളിച്ച് വാഹനങ്ങൾ ഷീറ്റിട്ട ഷെഡിലാണ് ഇട്ടിരിക്കുന്നത്. രണ്ടു വാഹനങ്ങളിൽ ഒരെണ്ണം ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമായി അറ്റകുറ്റപ്പണികളിലാണ്. മിഠായിത്തെരുവ്, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സാറ്റലൈറ്റ് ഫയർ സ്റ്റേഷനുകൾ വേണമെന്ന ആവശ്യവും നഗരവാസികൾക്കിടയിൽ ശക്തമാണ്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only