Feb 16, 2026

റിയൽ ഫൈറ്ററും കിക്കോഫും ജേതാക്കൾ; കൊടിയത്തൂരിൽ കാൽപ്പന്തുകളിയുടെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിട്ട് 'സോക്കർ ഡ്രീംസി'ന് ഉജ്വല പരിസമാപ്തി


മുക്കം: ലഹരിക്കെതിരേ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ലെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 'സോക്കർ ഡ്രീംസ് 2026ന്' ഉജ്വല പരിസമാപ്തി. കാൽപ്പന്തു കളിയുടെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിട്ട് പാഴൂർ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫുട്‌ബോൾ മത്സരത്തിൽ സ്‌കൂളിലെ പത്തു ടീമുകളാണ് രണ്ട് പൂളുകളിലായി മാറ്റുരച്ചത്.

 കിക്കോഫും റിയൽ ഫൈറ്റേഴ്‌സും തമ്മിലുള്ള കലാശക്കളിയിൽ ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ കലാശിച്ചതിനെ തുടർന്ന് ടൈബ്രേക്കറിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. കിക്കോഫിനെ വീഴ്ത്തി റിയൽ ഫൈറ്റർ ജേതാക്കളായി. ജേതാക്കൾക്കുള്ള ട്രോഫികൾ പ്രശസ്ത കളിയെഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കമാൽ വരദൂർ സമ്മാനിച്ചു.

 കാൽപ്പന്തുകളിയിൽ ഇന്ത്യയുടെ സ്ഥാനം വളരെ പരിതാപകരമാണെന്നും വരാനിരിക്കുന്ന ലോകകപ്പുകളിലെങ്കിലും ഇതിൽനിന്ന് രാജ്യത്തിന് മോചനമുണ്ടാകാൻ ആത്മാർത്ഥമായ ഇടപെലുകൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ നടന്നതുപോലുള്ള മേളകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും മക്കൾക്ക് താഴെ തട്ടിൽനിന്നുതന്നെ കൃത്യമായ ശിക്ഷണം നൽകി വളർത്തിക്കൊണ്ടുവരാൻ സാധിക്കണമെന്നും കമാൽ വരദൂർ ഓർമിപ്പിച്ചു.

  ചാമ്പ്യൻഷിപ്പിലെ എമേജിങ് പ്ലയറായി റിയൽ ഫൈറ്ററിലെ മുഹമ്മദ് വാരിസും മികച്ച ഡിഫൻഡറായി മിഡ് കിങ്‌സിലെ അമൻ ഷിഹാബ് മാട്ടുമുറിയും തെരഞ്ഞെടുക്കപ്പെട്ടു. റിയൽ ഫൈറ്ററിലെ അൻസിഫ് മികച്ച ഗോൾക്കീപ്പറായും മൻഹൽ ടോപ് സ്‌കോററായും തെരഞ്ഞെടുക്കപ്പെട്ടു. 

 എൽ.പി വിഭാഗത്തിൽ ഷൂട്ടിങ് സ്റ്റാർസ് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് സ്‌ട്രൈക്കിങ് പ്ലയേഴ്‌സിനെ തോൽപ്പിച്ച് ജേതാക്കളായി. ജേതാക്കൾക്ക് പരിശീലകൻ ഷമീൽ അരീക്കോടും എം.കെ ഷക്കീല ടീച്ചറും ട്രോഫികൾ സമ്മാനിച്ചു.

 വൈകുന്നേരം ടീം അംഗങ്ങളുടെ മനോഹരമായ മാർച്ച് പാസ്റ്റോടെയാണ് ചാമ്പ്യൻഷിപ്പ് തുടങ്ങിയത്. ജി.എം.യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ ഷക്കീല ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. മത്സരം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ മുഖ്യാതിഥിയായി. മത്സരത്തിൽ മാറ്റുരച്ച മുഴുവൻ ടീമിലെയും താരങ്ങൾക്ക് മെഡലുകളും വിതരണം ചെയ്തു. 

 കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി ചെയർമാൻ കെ.സി റിയാസ്, കൺവീനർ എം സതീഷ്‌കുമാർ മാസ്റ്റർ, 
ഒ.എസ്.എ പ്രസിഡന്റ് ടി.ടി അബ്ദുറഹ്മാൻ, സെക്രട്ടറി മജീദ് പുതുക്കുടി, പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി, എസ്.എം.സി ചെയർമാൻ പി.പി ഫൈസൽ, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ,
എം.പി.ടി.എ ചെയർപേഴ്‌സൺ ജസീല ഇ.കെ, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എം.ടി റിയാസ് മാസ്റ്റർ, പി.ടി.എ വൈസ്പ്രസിഡന്റ് വി.സി അബ്ദുല്ലക്കോയ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നജീബ് മാസ്റ്റർ ആലേക്കൽ നിലമ്പൂർ, റഷീദ് കുയ്യിൽ, തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

 അതിഥികൾക്കു പുറമെ അധ്യാപകരായ ഹമീദ് ചൂലൂർ, എസ്.ആർ.ജി കൺവീനർ എം.പി ജസീദ, അബ്ദുൽ കരീം മാസ്റ്റർ, യു.കെ ജസീല, റുബീന യു, ഷൈനി ബൈജു, എം.സി സൗമ്യ, കദീജ റോഷ്‌ന, ഷിബില കെ, ഖൈറുന്നീസ ടീച്ചർ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ഷമീൽ അരീക്കോട് മത്സരം നിയന്ത്രിച്ചു.

  പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.പി.സി നൗഷാദ്, മുനീർ സി.ടി, ഹാഷിം കൊടിയത്തൂർ,  മൂസ പാഴൂർ, ഷക്കീബ പി.പി, സജ്‌ന ഉള്ളാട്ടിൽ, വിവിധ ടീം സാരഥികളായ ഷാഹിന പാലക്കാടൻ, വി.കെ സുൽഫീക്കറലി, അബ്ദുൽ ഷുക്കൂർ പി.എച്ച്.ഇ.ഡി, ബിനു, അബ്ദുൽബഷീർ കെ.ടി, റഷീദ് എം, നാസർ സൗത്ത് കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. മത്സരത്തിനുശേഷം താരങ്ങൾക്കും രക്ഷിതാക്കൾക്കുമെല്ലാം ഭക്ഷണവും വിതരണം ചെയ്തു.

 ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികളെ പത്തു ടീമുകളായി തിരിച്ച് അവർക്ക് പ്രത്യേകം  പരിശീലകനും ജേഴ്‌സിയും മറ്റു സംവിധാനങ്ങളുമെല്ലാം ഒരുക്കിയാണ് ഫുട്‌ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. പനേൽക്ക, ഷാർപ്പ് ഷൂട്ടേഴ്‌സ്, ലോങ് റേഞ്ചർ, മിഡ് കിങ്‌സ്, കിൽ കിക്കേഴ്‌സ്, മാസ്റ്റർ കിക്ക് എന്നി ടീമുകളും മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only