Mar 29, 2026

ട്രെയിനുകളിൽ പ്ലാസ്റ്റിക് കവറിൽ ഭക്ഷണവിതരണം ഒഴിവാക്കണം: ഹൈക്കോടതി


കൊച്ചി : ട്രെയിനുകളിൽ ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് പാക്കറ്റുകൾ ഒഴിവാക്കണമെന്നും പകരം ജൈവവസ്തുക്കൾകൊണ്ട് നിർമിച്ച പാക്കറ്റുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. ഇക്കാര്യം ഐആർസിടിസി പരിഗണിക്കണമെന്നും സംസ്ഥാനത്തെ മാലിന്യപ്രശ്ന‌ങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു.

ട്രാക്കുകളിലെ മാലിന്യം ഉടൻ നീക്കണം. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വലിയതോതിൽ പ്ലാസ്റ്റിക്മാലിന്യം കൂടുകയാണ്. ലഘുഭക്ഷണങ്ങളും മറ്റും വിതരണം ചെയ്യുന്ന കരാറുകാർ ജൈവകവറുകൾമാത്രം ഉപയോഗിക്കാൻ റെയിൽവേ അതോറിറ്റി നിർദേശം നൽകണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്ന സ്ഥാപനം എന്ന നിലയിൽ ഐആർസിടിസിക്ക് ഇത്തരം നിബന്ധനകൾ വയ്ക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു.

കൊച്ചി നഗരപരിധി കടന്നാൽ കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽ ട്രാക്കുകളുടെ ഇരുവശത്തും വൻതോതിൽ മാലിന്യം കുമിയുകയാണ്. വർഷങ്ങളോളം അവിടെത്തന്നെ കിടക്കുന്ന സ്ഥിതിയാണെന്നും കോടതി വിമർശിച്ചു. ട്രാക്കുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ റെയിൽവേ സ്വമേധയാ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ കർശന ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരും. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ബിപിസി എൽ പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ചും കോടതി വിവരങ്ങൾ തേടി. പ്ലാന്റ് ഫെബ്രുവരി 27ന് കമീഷൻ ചെയ്തതായി നഗരസഭ കോടതിയെ അറിയിച്ചു. അലക്സാണ്ടർ പറമ്പിത്തറ പാലംമുതൽ ബിഒടി പാലംവരെയുള്ള ഭാഗങ്ങളിലും കൊച്ചു കടവന്ത്രയിലെ ആനംതുരുത്തിച്ചിറ റോഡിലും മാലിന്യം തള്ളുന്നത് കർശനമായി തടയണമെന്ന് കൊച്ചി കോർപറേഷനോട് നിർദേശിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only