Mar 15, 2026

നോളജ് സിറ്റിയില്‍ പരിസ്ഥിതി നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു


കോടഞ്ചേരി : ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളിയായി മാറുന്ന കാലഘട്ടത്തില്‍ ശാസ്ത്രീയമായ പരിസ്ഥിതി പഠനത്തിനും അവബോധത്തിനും സംവിധാനമൊരുക്കി മര്‍കസ് നോളജ് സിറ്റി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായാണ് 'ഇന്റഗ്രേറ്റഡ് എന്‍വയോണ്‍മെന്റല്‍ മോണിറ്ററിംഗ് ഫെസിലിറ്റി' നോളജ് സിറ്റിയില്‍ സ്ഥാപിച്ചത്.
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം, കാലാവസ്ഥാ മാറ്റങ്ങള്‍, മണ്ണിന്റെ സ്ഥിതി എന്നിവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തത്സമയ പരിസ്ഥിതി നിരീക്ഷണം സാധ്യമാക്കുന്ന ഈ സംവിധാനത്തിലൂടെ ലോകത്തെവിടെയിരുന്നും ഓണ്‍ലൈനായി വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ നോളജ് സിറ്റി മാനേജ്‌മെന്റിനും ഗവേഷകര്‍ക്കും സാധിക്കും.
കൊടക് സ്വദേശിയായ അഫ്രോസ് ഖാന്‍ ആണ് ഈ നൂതന സംവിധാനം മര്‍കസ് നോളജ് സിറ്റിക്ക് സംഭാവന നല്‍കിയത്. വായുവിലെ കാര്‍ബണ്‍ മോണോക്സൈഡ്, ഓസോണ്‍, നൈട്രജന്‍ ഡയോക്സൈഡ്, അമോണിയ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം ഈ സംവിധാനത്തിലൂടെ തുടര്‍ച്ചയായി നിരീക്ഷിക്കും.
ഇതോടൊപ്പം സ്ഥാപിച്ച അത്യാധുനിക വെതര്‍ സ്റ്റേഷന്‍ വഴി താപനില, അന്തരീക്ഷ മര്‍ദ്ദം, കാറ്റിന്റെ വേഗത, മഴയുടെ അളവ് എന്നിവ കൃത്യമായി കണക്കാക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയ്ക്ക് ഏറെ ഗുണകരമാകുന്ന രീതിയില്‍ മണ്ണിന്റെ പി.എച്ച് മൂല്യം, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ അളവ്, മണ്ണിന്റെ ഈര്‍പ്പം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പാരിസ്ഥിതിക പഠനങ്ങളില്‍ വലിയ മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതി, നോളജ് സിറ്റിയുടെ 'ഗ്രീന്‍ സിറ്റി' എന്ന കാഴ്ചപ്പാടിന് കൂടുതല്‍ കരുത്തുപകരുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 'സസ്‌റ്റൈനബിലിറ്റി ആന്‍ഡ് സ്മാര്‍ട്ട് സിറ്റി' അവാര്‍ഡും, യുനെസ്‌കോയുടെ കീഴിലുള്ള ഐ സി സി എന്‍ നല്‍കുന്ന 'സസ്‌റ്റൈനബിലിറ്റി എക്‌സലന്‍സ്' അവാര്‍ഡും ഇതിനോടകം മര്‍കസ് നോളജ് സിറ്റി നേടിയിട്ടുണ്ട്.
ഉത്തരവാദിത്ത വികസനവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തിയുള്ള മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമായത്. പ്രകൃതിയെ കൃത്യമായി നിരീക്ഷിക്കുമ്പോള്‍ മാത്രമാണ് അതിനെ എങ്ങനെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കണമെന്ന് നമ്മള്‍ പഠിക്കുന്നത് എന്ന് മുന്‍ സി.ഇ.ഒ ഡോ. അബ്ദുല്‍ സലാം മുഹമ്മദ് അഭിപ്രായപ്പെട്ടു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only